കേരളം

ദേവനന്ദയുടെ മരണം : അന്വേഷണം നിർണായക വഴിത്തിരിവിൽ ?; നാലുപേരെ കൂടി ചോദ്യം ചെയ്തു ; മൊബൈൽ ഫോണുകൾ നിരീക്ഷണത്തിൽ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ഇളവൂരിൽ ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആറു വയസുകാരി ദേവനന്ദയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതം. കുട്ടിയെ ആരോ ആറ്റിലേക്ക്‌ എറിഞ്ഞതാണെന്ന നാട്ടുകാരുടെയും വീട്ടുകാരുടെയും സംശയം ദുരീകരിക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് അന്വേഷണ സംഘം. കുട്ടിയെ ആറ്റില്‍ തള്ളിയതാണെന്ന നിഗമനത്തിലാണ്‌  അന്വേഷണം പുരോഗമിക്കുന്നത്‌ എന്നാണ് സൂചന. 

സംശയ നിഴലിലുള്ള നാലുപേരെക്കൂടി ഇന്നലെ ചോദ്യം ചെയ്‌തു. സംഭവദിവസം പ്രദേശത്തുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചു. ഇവ പരിശോധിച്ചുവരികയാണ്. അന്വേഷണം നിര്‍ണായക വഴിത്തിരിവിലാണെന്ന്‌ അന്വേഷണ സംഘം സൂചിപ്പിക്കുന്നു. 

ബന്ധുക്കളും അയല്‍ക്കാരുമടക്കം എണ്‍പതോളം പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു. ദേവനന്ദയുടെ ബന്ധുക്കളില്‍ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ആദ്യം നല്‍കിയ മൊഴിയും പിന്നീട് പറഞ്ഞതും തമ്മിലുള്ള വൈരുധ്യം പരിശോധിക്കാനാണിത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് പൊലീസ് സമഗ്ര അന്വേഷണം നടത്തുന്നത്. 

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീടും പരിസരവും കുട്ടിയുടെ മൃതദേഹം കിട്ടിയ ഇത്തിക്കര ആറും പരിശോധിച്ച് തെളിവുകൾ ശേഖരിച്ചിരുന്നു. ഈ വിദ​ഗ്ധ സംഘത്തിന്റെ റിപ്പോർട്ടും, ശാസ്‌ത്രീയ പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ടും കൂടി ലഭിക്കുന്നതോടെ സംഭവത്തില്‍ വ്യക്‌തതയുണ്ടാവുമെന്ന് അന്വേഷണസംഘം പറഞ്ഞു. 

മുതിർന്നവർ പോലും ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ മടിക്കുന്ന വിജനമായ സ്ഥലത്തേക്ക് കുട്ടി തനിയെ പോകില്ലെന്നാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും മൊഴി. കുട്ടിയെ കാണാതായ ദിവസം പൊലീസ് നായ തൊട്ടുതാഴത്തെ വീട്ടിലും പിന്നീട് തടയണ മറികടന്ന് ക്ഷേത്രത്തിനു പിന്നില്‍ അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടുമുറ്റത്തും ചെന്നത് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

വീടിന് 400 മീറ്റര്‍ അകലെ പള്ളിമണ്‍ ആറിനു കുറുകെ നിര്‍മിച്ച താല്‍ക്കാലിക നടപ്പാലത്തിനടുത്താണ് ദേവനന്ദയുടെ മൃതദേഹം കണ്ടത്. എന്നാല്‍, ഈ ഭാഗത്തല്ല കുട്ടി വീണതെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം. വീടിന് അടുത്തുള്ള കടവില്‍ വീണ ശേഷം ഇവിടേക്ക് ഒഴുകി വന്നതാകാമെന്ന സാധ്യതയും പരിശോധിക്കുന്നു. കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നു, തടയിണയില്‍ വെച്ചാണ് കുട്ടി ആറ്റില്‍ വീണതെങ്കില്‍ വയറ്റില്‍ ഇത്രയോളം ചെളി ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര