കേരളം

നേതാവിന്റെ മകന്‍ ഉള്‍പ്പെട്ട കഞ്ചാവ് കേസ് അട്ടിമറിച്ചു ; സിപിഐയില്‍ പുതിയ വിവാദം ; കേന്ദ്രനേതൃത്വത്തിന് പരാതി

സമകാലിക മലയാളം ഡെസ്ക്


കൊല്ലം: ലോക്ക്ഡൗണ്‍ കാലത്ത് പ്രമുഖ സിപിഐ നേതാവിന്റെ മകനുള്‍പ്പെട്ട മയക്കുമരുന്നു കേസ് പാര്‍ട്ടിയിലും എല്‍ഡിഎഫിലും പുകയുന്നു. തൊണ്ടിമുതല്‍ മാറ്റി കേസ് അട്ടിമറിച്ചുവെന്നാണ് വിവാദം. ഈ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ കാനം രാജേന്ദ്രന്‍, കെ ഇ ഇസ്മായില്‍ പക്ഷങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിനു മുന്നില്‍ തലകുനിക്കേണ്ടി വന്നതോടെയാണ് സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒറ്റയടിക്കു പിന്‍മാറിയത് എന്ന് കാനം വിരുദ്ധ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

സംസ്ഥാന നേതൃത്വത്തിലെ ഉന്നതന്റെ മകന്‍ ആണ് സ്വന്തം നാടായ കൊല്ലം ജില്ലയില്‍ കഞ്ചാവ് കേസില്‍ പ്രതിയായത്. മറ്റു നാലുപേര്‍ കൂടി പ്രതിപ്പട്ടികയിലുണ്ട്. ഏപ്രില്‍ നാലിനാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതിനു രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു ഗ്രാം കഞ്ചാവ് ഇവരില്‍ നിന്നു പിടികൂടിയതായാണ് എഫ്‌ഐആര്‍. അഞ്ചു പേരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഒരു കിലോയ്ക്കു താഴെ കഞ്ചാവ് കൈവശം വച്ചാല്‍ സ്‌റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കേസാണ്. കോടതിയില്‍ ഹാജരാക്കുകയും വേണ്ട.

എന്നാല്‍ പിടിച്ചെടുത്ത തൊണ്ടിയുടെ കാര്യത്തില്‍ വന്‍ അട്ടിമറി നടന്നതായാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ജാമ്യം ലഭിക്കാത്ത കുറ്റമായി മാറാവുന്ന ഏറ്റവും കുറഞ്ഞ പരിധിയിലും പല ഇരട്ടിയായിരുന്നു പിടിച്ചെടുത്ത കഞ്ചാവ്. അത് മാറ്റി വെറും രണ്ടു ഗ്രാം ആക്കി മാറ്റാന്‍ ഭരണ സ്വാധീനം ഉപയോഗിച്ചത് അംഗീകരിക്കാനാകില്ലെന്ന് ഇസ്മായീല്‍ പക്ഷ നേതാക്കള്‍ ഉന്നത നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മയക്കു മരുന്നു കേസ് മയപ്പെടുത്താന്‍ പാര്‍ട്ടിയെ ഉപയോഗപ്പെടുത്തിയവര്‍ക്കെതിരേ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

കഞ്ചാവ് കേസുണ്ടായിട്ട് ഒരു മാസമായെങ്കിലും ഗ്രൂപ്പു പോരില്‍പ്പെട്ട് അത് പുറത്തുവരാതെ നോക്കുന്നതില്‍ നേതാവും കൂട്ടാളികളും വിജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ ഈ നേതാവിനെ പാര്‍ട്ടിക്കുള്ളില്‍ തള്ളിപ്പറഞ്ഞതായാണ് വിവരം. അതോടെ നടപടി നീക്കങ്ങളും തുടങ്ങി. കഞ്ചാവ് വലിക്കുന്നതിനെതിരേ എടുക്കുന്ന എന്‍ഡിപിഎസ് ആക്റ്റിലെ 27 ( ബി) മാത്രം ഉള്‍പ്പെടുത്തിയാണ് കേസ്. പ്രതികളെല്ലാവരും 21നും 25നും ഇടയില്‍ പ്രായമുള്ളവരാണ്. അഞ്ചു പേര്‍ ഒന്നിച്ചിരുന്നു കഞ്ചാവ് വലിച്ചതിനു കേസെടുത്തപ്പോള്‍ സ്വാഭാവികമായും ലോക്ഡൗണ്‍ ചട്ടം ലംഘിച്ചുള്ള സംഘം ചേരലായി കണക്കാക്കി പൊലീസിനെ അറിയിക്കേണ്ടതായിരുന്നു. അതും ഉണ്ടായിട്ടില്ല.

കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന അനിരുദ്ധനെ മാറ്റി മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയ്ക്ക് സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഗ്രൂപ്പ് പോര് ഇപ്പോഴും രൂക്ഷമായി നിലനില്‍ക്കുകയാണ്. കാനം, ഇസ്മായില്‍ പക്ഷങ്ങള്‍ സെക്രട്ടറി സ്ഥാനത്തിനു വേണ്ടി പോരടിച്ചപ്പോള്‍ ഒത്തുതീര്‍പ്പ് എന്ന നിലയിലാണ് മുല്ലക്കരയ്ക്ക് ചുമതല നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍