കേരളം

ഗഡ്കരിക്കു നന്ദി; ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം, ആദ്യഘട്ടമായി തലപ്പാടി-ചെങ്ങള റീച്ച്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആദ്യഘട്ടമായി തലപ്പാടി-ചെങ്ങള റീച്ചിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഭാരത് മാല പരിയോജന പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് ആന്യുറ്റി മോഡില്‍ ആണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് സ്റ്റാന്‍ഡിങ് ഫിനാന്‍സ് കമ്മിറ്റി അംഗീകാരം നല്‍കി. ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവിറങ്ങിയാല്‍ ബിഡ് ഓപ്പണ്‍ ചെയ്ത് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയും. ദേശീയപാതാ വികസനത്തിനായി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിന് സഹായകരമായ നിലപാടെടുത്ത കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്ക് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

തലപ്പാടി മുതല്‍ ചെങ്ങള വരെയുള്ള 39 കി.മീ 45 മീറ്റര്‍ വീതിയില്‍ ആറു വരി ആക്കി വികസിപ്പിക്കുന്നതാണ് പദ്ധതി. മൊത്തം ചെലവ് 1968.84 കോടി രൂപയാണ്. രണ്ടര വര്‍ഷം കൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാനുദ്ദേശിക്കുന്നത്. 35.66 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കലിന് 683.09 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

തലപ്പാടി മുതല്‍ കഴക്കൂട്ടം വരെ 521.81 കിലോ മീറ്റര്‍ ദേശീയപാതാ വികസനത്തിനാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇതില്‍ 266.22 കിലോ മീറ്റര്‍ ദൂരം വികസിപ്പിക്കാനുള്ള എട്ട് പദ്ധതികള്‍ ഈ വര്‍ഷം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 18 കിലോമീറ്റര്‍ ദൂരമുള്ള തലശേരിമാഹി ബൈപാസ് പ്രവര്‍ത്തി പുരോഗമിക്കുകയാണ്. 28.6 കിലോമീറ്റര്‍ ദൂരത്തിലുള്ള കോഴിക്കോട് ബൈപാസ് ആറു വരിയാക്കി വികസിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കലടക്കം ഇരുപതിനായിരം കോടിയോളം രൂപ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കപ്പെടും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പ്രവൃത്തികള്‍ തൊഴില്‍സാധ്യത കൂടി വര്‍ധിപ്പിക്കുന്ന ഒന്നായി മാറും. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ദേശീയപാതാ വികസനം മുതല്‍ക്കൂട്ടാകും. വ്യവസായ വാണിജ്യ മേഖലകളിലെ വികസനവും ത്വരിതപ്പെടുത്താന്‍ ഈ പദ്ധതികള്‍ പ്രയോജനകരമാകും. തുടര്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി