കേരളം

ഓ​ഗസ്റ്റിൽ അതിവർഷമെന്ന് മുന്നറിയിപ്പ്; അടിയന്തര തയ്യാറെടുപ്പ് നടത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഗസ്റ്റിൽ അതിവർഷം ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാലവർഷവും സാധാരണയിൽ കൂടുതലാകും. ഈ സാഹചര്യം നേരിടാൻ സർക്കാർ അടിയന്തര തയാറെടുപ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് മോശം സാഹചര്യവും നേരിടാൻ തയാറെടുക്കേണ്ടിവരും. സന്നദ്ധം പോർട്ടലിൽ റജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും. കോവിഡ് കൂടി പരിഗണിച്ചാണ് ഒരുക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധർ സൂചപ്പിക്കുന്നത്. കാലവർഷം സാധാരണ നിലയിലായാൽ തന്നെ, ഓഗസ്റ്റിൽ അതിവർഷം ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. കോവിഡ് 19 മാഹാമാരിയെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ സാഹചര്യം മുന്നിൽ കണ്ട് അടിയന്തര തയ്യാറെടപ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡിനൊപ്പം കാലവർഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

ക്വാറൻറൈൻ സൗകര്യങ്ങൾക്കായി സർക്കാർ 27,000 കെട്ടിടങ്ങൾ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അവയിൽ ബാത്ത്റൂമോടു കൂടിയ രണ്ടര ലക്ഷത്തിലേറെ മുറികളുണ്ട്. അടിയന്തര സാഹചര്യം വന്നാൽ ഉപയോഗിക്കാനുള്ള കെട്ടിടങ്ങൾ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള വെല്ലുവിളി. ഇതിനു വേണ്ടി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏതു മോശമായ സാഹചര്യവും നേരിടാൻ നാം തയ്യാറെടുത്തേ പറ്റൂ.

കോവിഡ് 19 വ്യാപന ഭീഷണിയുള്ളതുകൊണ്ട് വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണ പോലെ ഒന്നിച്ച് പാർപ്പിക്കാൻ കഴിയില്ല. നാല് തരത്തിൽ കെട്ടിടങ്ങൾ വേണ്ടിവരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി കാണുന്നത്. പൊതുവായ കെട്ടിടം, പ്രായം കൂടിയവർക്കും മറ്റു രോഗങ്ങൾ ഉള്ളവർക്കും പ്രത്യേക കെട്ടിടം, കോവിഡ് രോഗ ലക്ഷണമുള്ളവർക്ക് വേറെ, വീടുകളിൽ ക്വാറൻറൈനിൽ കഴിയുന്നവർ ഇങ്ങനെ നാല് വിഭാഗങ്ങൾ.

ഇന്ന് രാവിലെ ചേർന്ന ഉന്നതതല യോഗം സ്ഥിതഗതികൾ വിലയിരുത്തുകയുണ്ടായി. വെള്ളത്തിൻറെ ഒഴുക്ക് തടസപ്പെടാതിരിക്കാൻ നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മാലിന്യവും മഴ തുടങ്ങും മുമ്പ് നീക്കാനുള്ള നടപടികൾ നേരത്തെ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികൾ രണ്ടാഴ്ചയ്ക്കകം തീർക്കണം. അണക്കെട്ടുകളിലെ സ്ഥിതിയും തുടർച്ചയായി വിലയിരുത്തുന്നുണ്ട്. ഇടുക്കി ഉൾപ്പെടെ വലിയ അണക്കെട്ടുകളൊന്നും  തുറക്കേണ്ടിവരില്ല.

സർക്കാരിൻറെ സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വളണ്ടിയർമാർക്ക് അടിയന്തരമായി ദുരന്തപ്രതികരണ കാര്യങ്ങളിൽ പരിശീലനം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും ഇതിൻറെ ചുമതലയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍