കേരളം

ശൈലജ ടീച്ചറെ പ്രശംസിച്ച് ഗാര്‍ഡിയന്‍, ഷെയര്‍ ചെയ്ത് ശശി തരൂര്‍; കോണ്‍ഗ്രസില്‍ അമര്‍ഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയെ പ്രശംസിച്ച് ബ്രിട്ടിഷ് ദിനപത്രമായ ദി ഗാര്‍ഡിയനില്‍ വന്ന ലേഖനം ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ ശശി തരൂരിന്റെ നടപടിയില്‍ പാര്‍ട്ടിയില്‍ അമര്‍ഷം. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് തരൂര്‍ ശൈലജ ടീച്ചറെ പുകഴ്ത്തി രംഗത്തുവന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കെകെ ശൈലജയുമായുള്ള അഭിമുഖം ഉള്‍പ്പെടുത്തി ദീര്‍ഘമായ ലേഖനമാണ് ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചത്. ദി കൊറോണ സ്ലെയര്‍, ഹൗ കേരളാസ് റോക്ക് സ്റ്റാര്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ ഹെല്‍പ്ഡ് സേവ് ഇറ്റ് ഫ്രം കോവിഡ് എന്ന ലേഖനമാണ് തരൂര്‍ സാമൂഹ്യ മാധ്യമത്തില്‍ ഷെയര്‍ ചെയ്തത്. സ്്പാനിഷ് ഫഌവിനെക്കുറിച്ചു പുസ്തകെഴുതിയ ലോറ സ്പിന്നിയാണ് ശൈലജ ടീച്ചറെക്കുറിച്ച് ഗാര്‍ഡിയനില്‍ എഴുതിയിരിക്കുന്നത്.

കെകെ ശൈലജ അര്‍ഹിച്ച അംഗീകാരം തന്നെയാണ് ഇതെന്ന കുറിപ്പോടെയാണ് തരൂര്‍ ലേഖനം ഷെയര്‍ ചെയ്തത്. കേരളത്തിലെ ജനങ്ങളാണ് എല്ലാത്തിലും ഉപരി ഈ പോരാട്ടത്തിലെ നായകരെന്നും തരൂര്‍ കുറിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധ നടപടികളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിരന്തര വിമര്‍ശനം ഉന്നയിക്കുന്നതിനിടെ തരൂരിന്റെ നടപടി രാഷ്ട്രീയ ജാഗ്രതയില്ലായമയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വാളയാറില്‍ സമരം നടത്തിയ കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ക്വാറന്റൈനില്‍ പോവണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത് ഇന്നലെയാണ്. രാഷ്ട്രീയ പ്രേരിതമായി ആരോഗ്യവകുപ്പു നടപടിയെടുക്കുമ്പോള്‍ തരൂര്‍ പ്രസംശിച്ചു രംഗത്തുവന്നത് കോണ്‍ഗ്രസ് നിലപാടിനെ ദുര്‍ബലപ്പെടുത്തുമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

തരൂരിന്റെ നടപടിയിലുള്ള അതൃപ്തി ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുന്ന നടപടികളില്‍നിന്നു പിന്‍വാങ്ങണമെന്ന് തരൂരിനോട് നിര്‍ദേശിക്കണമെന്നാണ് അവരുടെ ആവശ്യം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പ്രതിപക്ഷം തന്നെ സര്‍ക്കാരിനെ പ്രശംസിച്ചു രംഗത്തുവരുന്നത് ആത്മഹത്യാപരമാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം