കേരളം

പൊലീസിന്റെ പ്രവര്‍ത്തന ക്രമീകരണത്തില്‍ മാറ്റം; ഫെയ്‌സ് ഷീല്‍ഡുകള്‍;  മഴക്കോട്ടുകള്‍ പിപിഇ കിറ്റാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. രാപ്പകല്‍ ജോലി ചെയ്യുന്ന ഒരോ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാലാണ് പൊലീസിന്റെ പ്രവര്‍ത്തന ക്രമീകരണത്തില്‍ മാറ്റം വരുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

അതിന്റെ ഭാഗമായി ഭാരംകുറഞ്ഞ ഫെയ്‌സ്ഷീല്‍ഡുകള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ 2000 ഫെയ്‌സ്ഷീല്‍ഡുകള്‍ ലഭ്യമാക്കി. സാധാരണ മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. മഴയില്‍ നിന്നും വൈറസില്‍ നിന്നും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ഇവ തയാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ഥകള്‍ പരീക്ഷയ്ക്ക് എത്തിച്ചേരുന്നതിലും ധാരണയായി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധം. ഹോം ക്വാറന്റീനില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും. വിദ്യാര്‍ഥികള്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ് നിര്‍ബന്ധമാക്കും. അധ്യാപകര്‍ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസ് ഏഴു ദിവസം പരീക്ഷാ കേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും. വീട്ടിലെത്തിയ ഉടന്‍ കുട്ടികള്‍ കുളിച്ച് ദേഹം ശുചിയാക്കിയ ശേഷമേ വീട്ടുകാരുമായി ഇടപെടാവൂ. പരീക്ഷ നടത്തുന്ന എല്ലാ വിദ്യാലയങ്ങളും ഫയര്‍ഫോഴ്‌സിന്റെ  സഹായത്തോടെ അണുവിമുക്തമാക്കും. 

തെര്‍മല്‍ സ്‌ക്രീനിങ്ങിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5000 ഐആര്‍ തെര്‍മോമീറ്ററുകള്‍ വാങ്ങും. സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് പ്രഥമാധ്യാപകര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ആരോഗ്യചിട്ടകള്‍ അടങ്ങിയ നിര്‍ദേശങ്ങളും മാസ്‌കും കുട്ടികളുടെ വീടുകളില്‍ എത്തിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍േദശം നല്‍കി. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാസ്‌കുകള്‍ എന്‍എസ്എസ് വഴി വിതരണം ചെയ്യും.

തദ്ദേശ സ്വയംഭരണ വകുപ്പ്, ഗതാഗത വകുപ്പ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ്, പൊലീസ് ഇവരുടെ എല്ലാം പിന്തുണ പരീക്ഷാ നടത്തിപ്പിനുണ്ടാകും. പരീക്ഷാ കേന്ദ്ര മാറ്റത്തിനായി എസ്എസ്എല്‍സി 1856, എച്ച്എസ്‌സി 8835, വിഎച്ച്എസ്‌സി 219 എന്നിങ്ങനെ 10920 കുട്ടികള്‍ അപേക്ഷ സമര്‍പ്പിച്ചു. മാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ചോദ്യപേപ്പര്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ബന്ധപ്പെട്ട വിദ്യാലയങ്ങളില്‍ എത്തിക്കും.

ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാം പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷാ നടത്തിപ്പിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗള്‍ഫിലെ സ്‌കൂളുകളില്‍ പരീക്ഷ നടത്തുന്നതിന് അനുമതി ലഭ്യമായി. മുഴുവന്‍ കുട്ടികള്‍ക്കും പരീക്ഷ എഴുതാനും ഉപരിപഠനത്തിനും അവസരം ഒരുങ്ങും. ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴിതാന്‍ ഈ തീയതികളില്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ ആശങ്കപ്പെടേണ്ടതില്ല. അവര്‍ക്ക് ഉപരിപഠനത്തിലുള്ള അവസരം നഷ്ടപ്പെടാത്ത രീതിയില്‍ സേ പരീക്ഷക്കൊപ്പം റെഗുലര്‍ പരീക്ഷയ്ക്കുള്ള അവസരം ഒരുക്കും. പരീക്ഷ സംബന്ധിച്ച സംശയങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലകളിലെ വിദ്യാഭ്യാസ ഓഫിസര്‍മാരും ഉള്‍പ്പെടെ 23  മുതല്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ