കേരളം

ക്വാറന്റൈന്‍ ലംഘനം: പൊലീസ് മിന്നല്‍ പരിശോധനയ്ക്ക്, വാഹന നിരീക്ഷണം കര്‍ക്കശമാക്കാനും നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ കര്‍ക്കശമാക്കാന്‍ പൊലീസ്. ക്വാറന്റൈന്‍ ലംഘനം തടയുന്നതിനു മിന്നല്‍ പരിശോധനകള്‍ നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. വാഹന പരിശോധന ശക്തമാക്കാനും നിര്‍ദേശമുണ്ട്.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ പേര്‍ എത്തുന്നതിനാല്‍ സംസ്ഥാനത്ത് സമീപ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. വിദേശത്തു നിന്ന് എത്തുന്നവരെയും ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്നവരെയും റൂം ക്വാറന്റൈന്‍ നിര്‍ദേശിച്ച് വീടുകളിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഇവരില്‍ പലരും ക്വാറന്റൈന്‍ ലംഘിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി.

സമീപ ദിവസങ്ങളില്‍ പലയിടത്തു നിന്നും ക്വാറന്റൈന്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പുറത്തുനിന്ന് എത്തുന്നവരില്‍ കുറെപ്പേരെങ്കിലും വൈറസ് വാഹകരാണ് എന്നാണ് ഇതുവരെയുള്ള അനുഭവം. അതുകൊണ്ട് ഇവര്‍ പുറത്തിറങ്ങി മറ്റുള്ളവരോട് ഇടപെടുന്നത് വൈറസ് വ്യാപനം കൂടാന്‍ ഇടയാക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. 

ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടവരുടെ വീടുകളിലോ മേഖലകളിലോ മിന്നല്‍ പരിശോധന നടത്താനാണ് പൊലീനു നിര്‍ദേശം. ഷാഡോ പൊലീസ്, ബൈക്ക് പട്രോള്‍ സംഘം എന്നിവര്‍ ആയിരിക്കും പരിശോധന നടത്തുന്നത്. ക്വാറന്റൈന്‍ ലംഘിച്ചതായി കണ്ടെത്താല്‍ ഇവരെ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കു മാറ്റും. പൊതുജന ആരോഗ്യ നിയമപ്രകാരം കേസ് എടുക്കുന്നതും പരിഗണനയിലുണ്ടെന്നാണ് സൂചന.

വരും ദിവസങ്ങളില്‍ വാഹന പരിശോധന ശക്തമാക്കാനും പൊലീസിനു നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നതായി കണ്ടെത്തിയാല്‍ നടപടിയെടുക്കും.

ലോക്ക് ഡൗണില്‍ ഇളവു വരുത്തിയതിനെത്തുടര്‍ന്ന് പൊലീസിന്റെ പരിശോധനയില്‍ കുറവു വന്നിട്ടുണ്ട്. ഇതിന്റെ മറവില്‍ ലോക്ക് ഡൗണ്‍ ചട്ട ലംഘനങ്ങള്‍ വ്യാപകമാവുന്നതായാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇതുകൂടി കണക്കിലെടുത്താണ് പൊലീസ് ശക്തമായ നടപടിയിലേക്കു കടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം

'ചുളിവ് നല്ലതാണ്'; ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാം, ഭൂമിയെ രക്ഷിക്കാം, ക്യാംപയ്ന്‍

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ