കേരളം

മദ്യലഹരിയില്‍ മണിക്കൂറുകള്‍ക്കിടെ മൂന്ന് കൊലപാതകങ്ങള്‍; കൊല്ലപ്പെട്ടവരില്‍ അമ്മയും അച്ഛനും, തിരുവനന്തപുരത്ത് യുവാവ് മരിച്ചത് തലയ്ക്കടിയേറ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യവില്‍പ്പന തുടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മദ്യലഹരിയില്‍ മണിക്കൂറുകള്‍ക്കിടെ സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ത കൊലപാതകങ്ങള്‍. ചങ്ങനാശേരി തൃക്കൊടിത്താനം അമരയില്‍  മകന്റെ വെട്ടേറ്റ് അമ്മ കൊല്ലപ്പെട്ടപ്പോള്‍ മലപ്പുറത്ത് മകന്‍ തളളിവീഴ്ത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്ത് ഓട്ടോ ഡ്രൈവറായ യുവാവിനെ സുഹൃത്ത് തലയ്ക്ക് അടിച്ച് കൊന്നു. മൂന്നു കേസുകളിലും മദ്യലഹരിയാണ് കൊലപാതകങ്ങളില്‍ കലാശിച്ചത്.

ഇന്നലെ രാത്രിയാണ് മലപ്പുറം തിരൂരില്‍ മകന്റെ മര്‍ദനത്തില്‍ പിതാവ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയില്‍ വീട്ടില്‍ കയറി വന്ന മകന്‍ വീട്ടിലുളളവരുമായി വഴക്കിട്ടു. ഇത് ചോദ്യം ചെയ്ത പിതാവ് തിരൂര്‍ സ്വദേശി പുളിക്കല്‍ മുഹമ്മദ് ഹാജിയെ മകന്‍ അബൂബക്കര്‍ സിദിഖ് തളളിവീഴ്ത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിതാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിനിടയിലും പ്രകോപനം തുടര്‍ന്ന മകന്‍ അബൂബക്കര്‍ സിദിഖിയെ നാട്ടുകാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന് തയ്യാറായില്ല. തുടര്‍ന്ന്് നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുഹമ്മദ് ഹാജി കുഴഞ്ഞുവീണാണ് മരിച്ചതെങ്കിലും അബൂബക്കര്‍ സിദിഖിക്കെതിരെ കൊലപാതക കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മലപ്പുറത്ത് ദിവസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ്. കഴിഞ്ഞ ദിവസമാണ് മദ്യലഹരിയില്‍ നാലു സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കത്തി കുത്തേറ്റ് മരിച്ചത്.

തിരുവനന്തപുരം ബാലരാമപുരത്ത് ഇന്നലെ രാത്രിയാണ് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ശ്യാമാണ് മരിച്ചത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് ശ്യാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അന്വേഷണം തുടരുന്നു. മാസങ്ങളായി ശ്യാം വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കോട്ടയം ചങ്ങനാശേരിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ(55)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

അമ്മയെ കൊലപ്പെടുത്തിയ മകന്‍ ജിതിന്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു ജിതിന്‍. രാത്രി ഭക്ഷണത്തെക്കുറിച്ച് തര്‍ക്കമുണ്ടാകുകയും, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് പ്രതി കുഞ്ഞന്നാമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ