കേരളം

കഴുത്തിലെ വരഞ്ഞ പാട് രേഖപ്പെടുത്താത്തതെന്ത്?; കോവിഡ് നെഗറ്റീവ് എങ്ങനെ പോസിറ്റീവ് ആയി?, പിന്നില്‍ അവയവ മാഫിയ?, ബന്ധുവിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് സനല്‍കുമാര്‍ ശശിധരന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ബന്ധുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവയവ മാഫിയയുടെ പങ്ക് സംശയിക്കുന്നെന്നും ചലച്ചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ശനിയാഴ്ച മരിച്ച സന്ധ്യ എന്ന ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സനല്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളിലും സനല്‍ സംശയം പ്രകടിപ്പിക്കുന്നു. 

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന സന്ധ്യ, കുടുംബം അറിയാതെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തെത്തി കരള്‍ പത്തുലക്ഷം രൂപയ്ക്ക് വിറ്റിരുന്നുവെന്നും സനല്‍ പറയുന്നു. വിഷയത്തെക്കുറിച്ച് സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ

ഇത് സമൂഹത്തോടുള്ള ഒരു സഹായാഭ്യര്‍ത്ഥനയാണ്.

മിനഞ്ഞാന്ന് അതായത് 07/11/2020 വൈകുന്നേരം എന്റെ അച്ഛന്റെ സഹോദരിയുടെ മകള്‍ 40 വയസുള്ള സന്ധ്യ പൊടുന്നനെ മരണപ്പെട്ടു. ഞങ്ങള്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നതാണ്. ഈ ഫോട്ടോയില്‍ എന്റെ ഇടതുവശത്തായി ഇടുപ്പില്‍ കൈ പിടിച്ച് അന്ധാളിച്ചു നില്‍ക്കുന്നത് അവളാണ്. ഞാനും അനുജത്തിയും സന്ധ്യയും ആദ്യമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നിമിഷമാണത്.

അച്ഛനില്ലാതെ അവള്‍ വളര്‍ന്നത് ജീവിതത്തിന്റെ എല്ലാ മൂര്‍ച്ചയും അറിഞ്ഞുകൊണ്ടായിരുന്നു. മോശം കുടുംബ സാഹചര്യം കാരണം അവള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ഉണ്ടായില്ല. സ്‌കൂളില്‍ പോകേണ്ട സമയത്ത് അവള്‍ മറ്റെവിടെയൊക്കെയോ വീട്ടുജോലി ചെയ്യുകയായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. വളര്‍ന്നു കഴിഞ്ഞപ്പോള്‍ വിവാഹിതയായി അവള്‍ സന്തോഷത്തോടെ ജീവിക്കുന്നു എന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ ഇപ്പോള്‍ മനസിലാവുന്നത് ദുരിതങ്ങളില്‍ നിന്നും ദുരിതങ്ങള്‍ നിറഞ്ഞ ജീവിതമായിരുന്നു അവളുടേത് എന്നാണ്.

മരണവിവരം ആദ്യം അറിയുമ്പോള്‍ അവള്‍ക്ക് കോവിഡ് ആയിരുന്നു എന്നും വീട്ടില്‍ വന്ന ശേഷം മരിച്ചു എന്നുമാണ് കേട്ടത്. പിന്നീട് അറിഞ്ഞു അവള്‍ക്ക് കോവിഡ് മാറി എന്നും അവള്‍ ആരോഗ്യവതിയായി തിരിച്ചെത്തി എന്നുമാണ്. അതുകൊണ്ട് തന്നെ പൊടുന്നനെയുണ്ടായ മരണം എങ്ങനെ ഉണ്ടായി എന്നതേക്കുറിച്ച് അന്വേഷണം വേണമെന്ന് തോന്നിയിരുന്നു.

പെട്ടെന്ന് അസുഖം വന്ന് മരിച്ചു എന്ന് പറയുന്ന വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ച് മരണ ശേഷമാണ് അവളുടെ സഹോദരനെ ഫോണ്‍ ചെയ്ത് അറിയിച്ചത് എന്നതും എനിക്ക് ദുരൂഹമായി തോന്നിയിരുന്നു. അതൊക്കെ കൊണ്ട് തന്നെ അസുഖം വന്നുണ്ടായ സ്വാഭാവിക മരണം എന്ന് രേഖപ്പെടുത്തുന്നതിനു മുന്‍പ് പോസ്റ്റ് മോര്‍ട്ടം വേണമെന്ന് അവളുടെസഹോദരന്‍ ശഠിച്ചു.

എന്നാല്‍ കോവിഡ് ടെസ്റ്റ് നടത്തിയിട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്താം എന്ന നിലപാടില്‍ മൃതദേഹം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ഒരുദിവസം സൂക്ഷിച്ചു. പിറ്റേ ദിവസവും പോസ്റ്റ് മോര്‍ട്ടം നടത്തിയില്ല. എന്നാല്‍ ഇന്നലെ (08/11/2020) വൈകുന്നേരത്തോടെ പരിശോധന നടത്താന്‍ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ നിന്നും പൊലീസുകാര്‍ വന്നിട്ടുണ്ടെന്ന് കേട്ട് ഞാന്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി. പരിശോധന നടത്തുമ്പോള്‍ ഡോക്ടറുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.

മൃതദേഹത്തില്‍ വലതു കൈത്തണ്ടയില്‍ ചതവുപോലുള്ള ഒരു പാടും ഇടത് കണ്ണിനു താഴെയായി ചോരപ്പാടും കഴുത്തില്‍ വരഞ്ഞപോലുള്ള പാടും ഞാന്‍ കണ്ടു. അതിന്റെ ഫോട്ടോ എടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസുകാര്‍ എന്നെ ബലം പ്രയോഗിച്ച് പുറത്താക്കി വാതില്‍ അടച്ചു.

പിന്നീട് അവര്‍ പുറത്തു വന്നപ്പോള്‍ ഞാന്‍ സൂചിപ്പിച്ച അടയാളങ്ങളുടെ ഫോട്ടോ എടുത്തിട്ടില്ലാത്തതിനാല്‍ നിര്‍ബന്ധം പിടിച്ച് ഫോട്ടോ എടുപ്പിക്കേണ്ടി വന്നു. ഇവയൊക്കെ ഇന്‍ക്വസ്റ്റില്‍ എഴുതിച്ചേര്‍ക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ എല്ലാം എഴുതിയിട്ടുണ്ടെന്നും വായിച്ച് കേള്‍പ്പിക്കാന്‍ സാധ്യമല്ല എന്നും പൊലീസുകാര്‍ പറഞ്ഞു. മാത്രമല്ല സന്ധ്യയുടെ സഹോദരനോട് ഒരു വെള്ള കടലാസില്‍ ഒപ്പിട്ടുകൊടുക്കാന്‍ കൂടി പറഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ശബ്ദമുയര്‍ത്തി. അപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന സജി ഫീല്‍ഡ് ടി എസ് എന്ന എസ് ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ എന്നെയും അവളുടെ സഹോദരന്‍ രാധാകൃഷ്ണനെയും ബലമായി പുറത്താക്കാന്‍ ശ്രമിച്ചു.

എന്റെ സുഹൃത്തായ വിനോദ് സെന്നിനെ ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നമ്പര്‍ അയച്ചു തന്നു. അദ്ദേഹത്തെ വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം പൊലീസുകാരോട് സംസാരിച്ച് എല്ലാം കൃത്യമായി രേഖപ്പെടുത്തുമെന്ന് ഉറപ്പു തന്നു. എന്നാല്‍ വീണ്ടും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഞങ്ങളെ കാണിക്കാതെ മൃതശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശ്രമമുണ്ടായപ്പോള്‍ ഞങ്ങള്‍ വീണ്ടും പ്രതിഷേധിച്ചു. തുടര്‍ന്ന് സിഐ സ്ഥലത്തെത്തുകയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ കണ്ട അടയാളങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടില്ലാത്തതുകൊണ്ട് അവ എഴുതിച്ചേര്‍ക്കാന്‍ പൊലീസുകാരോട് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ തന്നെ എന്തിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയതെന്ന് എനിക്ക് മനസിലായില്ല. ഇന്നറിയുന്നത് മെഡിക്കല്‍ കോളേജില്‍ ടെസ്റ്റ് ചെയ്തപ്പോള്‍ അവള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്നാണ്. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ വെച്ച് കോവിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് കിട്ടിയിരുന്നത് എങ്ങനെയാണ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചെയ്ത ടെസ്റ്റില്‍ കോവിഡ് പോസിറ്റിവ് ആയതെന്ന് മനസിലാവുന്നില്ല. സാഹചര്യങ്ങള്‍ ദുരൂഹമാണ്. പോസ്റ്റ് മോര്‍ട്ടം ആവശ്യമുണ്ടെന്ന സഹോദരന്റെ നിലപാടിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടോ എന്ന് കാര്യമായ സംശയമുണ്ടായി.

മൃതദേഹത്തില്‍ കണ്ട മാര്‍ക്കുകളും അവ രേഖപ്പെടുത്താന്‍ പൊലീസ് തയാറാവാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ എനിക്ക് ഈ മരണത്തില്‍ മറ്റെന്തോ ദുരൂഹത ഉണ്ടെന്ന് തോന്നുകയും ഞാന്‍ അതേക്കുറിച്ച് ചില അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. ഞെട്ടിക്കുന്ന വിവരങ്ങളാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.

മരണപ്പെട്ട സന്ധ്യ 2018 ല്‍ അവളുടെ കരള്‍ പരമരഹസ്യമായി 10 ലക്ഷം രൂപയ്ക്ക് ഒരാള്‍ക്ക് വിറ്റു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യം ശസ്ത്രക്രിയ കഴിയുന്നത് വരെ അവളുടെ ഭര്‍ത്താവിനെയോ സഹോദരനെയോ മറ്റു ബന്ധുക്കളെ ആരെയെങ്കിലുമോ പോലും അറിയിച്ചിരുന്നില്ല എന്നത് വളരെ ദുരൂഹമാണ്.

വീട്ടില്‍ ആരോടും പറയാതെ മരണപ്പെട്ട സന്ധ്യ എറണാകുളത്തുള്ള ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തിയെന്നും ആ സമയത്ത് എറണാകുളത്ത് മാതാ അമൃതാനന്ദമയി ആശുപത്രിയില്‍ നഴ്‌സിംഗ് പഠിക്കുകയായിരുന്ന മകളെ വിളിച്ചു വരുത്തി ശസ്ത്രക്രിയക്ക് സമ്മതം കൊടുക്കണമെന്നും മറ്റാരോടെങ്കിലും പറഞ്ഞാല്‍ താന്‍ ആത്മഹത്യചെയ്യുമെന്ന് പറഞ്ഞു എന്നുമാണ് മകള്‍ പറയുന്നത്.

മരണപ്പെട്ട സന്ധ്യക്ക് കിഡ്‌നി സംഭന്ധമായതും ഹൃദയ സംബന്ധമായതുമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി എനിക്കറിയാം. ആ അവസരത്തില്‍ എങ്ങനെ ഇത്തരം ഒരു ശസ്ത്രക്രിയയ്ക്ക് ആശുപത്രി അധികൃതര്‍ സമ്മതിച്ചു എന്ന് ചോദിച്ചപ്പോള്‍ അവര്‍ നടത്തിയ സ്‌കാനിംഗുകളിലും ടെസ്റ്റുകളിലും ഒന്നും പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു എന്നാണ് മകള്‍ പറയുന്നത്.

എഴുത്തും വായനയും അറിയാത്ത മരണപ്പെട്ട സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തി എന്ന് പറയുന്നത് വിശ്വസനീയമല്ല. ശസ്ത്രക്രിയക്കായി സന്ധ്യ നാട്ടില്‍ നിന്നും മാറി നിന്ന സമയത്ത് ഞങ്ങള്‍ അറിഞ്ഞിരുന്നത് അവള്‍ വീട്ടില്‍ വഴക്കിട്ട് ഇറങ്ങിപ്പോയി എന്നായിരുന്നു. മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം ദഹിപ്പിക്കുകയാണെങ്കില്‍ ആയത് തെളിവ് നശിപ്പിക്കുന്നതിനു കാരണമാവും. ലിവര്‍ ആണോ മറ്റ് ഏതെങ്കിലും അവയവങ്ങള്‍ വിറ്റിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്.

കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് വന്നതോടെ തെളിവൂകള്‍ നശിപ്പിക്കാന്‍ വളരെ എളുപ്പമാണെന്നും കരുതുന്നു. സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയാസ്പദവുമാണ്. ഇത് അടിയന്തിരമായി അന്വേഷിക്കേണ്ടത് വളരെ ആവശ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്