കേരളം

തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ; ഇടിമിന്നല്‍ ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മദ്ധ്യ കേരളത്തിലാവും കൂടുതല്‍ ലഭിക്കുക. 

എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊണ്ടതോടെയാണ് മഴ വീണ്ടും സജീവമായത്. ആന്‍ഡമാന്‍ തീരത്തിന് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം, തീവ്രന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍. ചിലപ്പോള്‍ ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. 

ചൊവ്വാഴ്ച വരെ തെക്ക്പടിഞ്ഞാറ് ദിശയില്‍ നിന്നും കന്യാകുമാരി , ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേരള ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ആഴക്കടലില്‍ മല്‍സ്യബന്ധനത്തിന് ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ തീരത്തേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സാധാരണ 15-ാം തീയതിയോടെ കാലവര്‍ഷം കേരളത്തില്‍ നിന്ന് പിന്‍വാങ്ങുകയും പിന്നാലെ തുലാമഴ എത്തുകയുമാണ് പതിവ്. എന്നാല്‍ പുതിയ ന്യൂനമര്‍ദത്തെ തുടര്‍ന്ന് തുലാമഴ എത്താന്‍ ഒരാഴ്ച കൂടി വൈകുമെന്നാണ് പുതിയ നിഗമനം. കഴിഞ്ഞ വര്‍ഷവും കാലവര്‍ഷം പിന്‍വാങ്ങുന്നത് വൈകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു