കേരളം

കിടത്തിച്ചികിത്സ വേണ്ട, ഗുരുതരമായ പ്രശ്‌നങ്ങളില്ല; ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. ശിവശങ്കറിന് കിടത്തിച്ചികിത്സ ആവശ്യമുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. ചോദ്യം ചെയ്യലിനായി കസ്റ്റംസ് വാഹനത്തില്‍ കൊണ്ടുപോവും വഴിയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശിവശങ്കറിന്റെ നടുവേദന ഗുരുതര സ്വാഭാവമുള്ളതല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. വേദന സംഹാരികള്‍ കഴിച്ചാല്‍ മതിയാവും. കിടത്തിച്ചികിത്സ ആവശ്യമുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ശിവശങ്കറിന് ഇല്ല. 

ചോദ്യം ചെയ്യലിനായി കൊണ്ടുപോവും വഴി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ശിവശങ്കറിനെ ആദ്യം കരമനയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഭാര്യ ജോലി ചെയ്യുന്ന ഈ ആശുപത്രിയിലേക്കു പോവാന്‍ ശിവശങ്കര്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. 

അതിനിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കളിയില്‍ തന്നെ കരുവാക്കുകയാണെന്ന്, മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ച്ചയായ ചോദ്യം ചെയ്യലും യാത്രയും തന്റെ ആരോഗ്യത്തെ ബാധിച്ചു. തനിക്ക് അറിയാവുന്ന വിവരങ്ങളെല്ലാം അന്വേഷണ ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍ ഏതു കേസ് എന്നു പോലും പരാമര്‍ശിച്ചിട്ടില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടതോടെയാണ് വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവിട്ടത്. അതിനകം കസ്റ്റംസ് മറുപടി നല്‍കണം.

വെള്ളിയാഴ്ച വൈകുന്നേരം തന്നെ അറസ്റ്റ് ചെയ്ത് നിയമ വ്യവസ്ഥ അട്ടിമറിക്കാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ കുറ്റപ്പെടുത്തി. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. 90 മണിക്കൂര്‍ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. ഇനിയും സഹകരിക്കാന്‍ തയാറാണ്. എന്നിട്ടും അറസ്റ്റിനു നീക്കം നടക്കുകയാണെന്ന് സംശയിക്കുന്നതായി ശിവശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''