കേരളം

'ഇവിടെ എല്ലാം തകിടം മറിഞ്ഞു എന്ന് പ്രചരിപ്പിക്കാന്‍ ചില ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു; ഒരു വസ്തുതയും ഇല്ലെന്ന് സമൂഹത്തിന് ബോധ്യമുണ്ട്'- മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുന്നു എന്ന പ്രചരണമുണ്ടാക്കുന്നതിന് വേണ്ടി ചില ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് ഗൗരവത്തോടെ കാണുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിവാദത്തില്‍ വസ്തുതയില്ലെന്ന് സമൂഹത്തിന് ബോധ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

കൊച്ചി മെഡിക്കല്‍ കോളജ് നല്ല രീതിയിലുളള കോവിഡ് പ്രതിരോധ പ്രവര്‍ത്തനം അവിടെ നടത്തിയിട്ടുണ്ടെന്നുളളതാണ് ഇതുവരെയുളള അനുഭവം. ഒരു തെറ്റിദ്ധാരണാജനകമായ പോസ്റ്റുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നത്. അവിടെ ഉളളവര്‍ തന്നെ പറയുന്നു അത് വസ്തുതാപരമല്ലെന്ന്. കൃത്യമായ തെളിവുകളോടെയാണ് അവര്‍ പറയുന്നത്. മാത്രമല്ല സാധാരണ സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ നോക്കി നില്‍ക്കുന്നവര്‍ പോലും ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ സാങ്കേതികപരമായി ശരിയല്ലെന്ന് പരസ്യമായി പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പറഞ്ഞ കാര്യം വസ്തുതയല്ല എന്ന് സമൂഹത്തിന് ബോധ്യമായിട്ടുണ്ട്. എന്നാല്‍ തെറ്റായ കാര്യങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കാന്‍, അതേറ്റെടുക്കാന്‍ സന്നദ്ധരാകുന്ന ചിലരുണ്ട്. അതിന്റെ ഭാഗമായി പിന്നീട് ചിലര്‍ രംഗത്ത് വരുന്നതാണ് കാണുന്നത്. അത് നിര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നല്ല രീതിയില്‍ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി രാജ്യത്തുളള എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും കാണുന്ന ആളാണ്. മനസിലാക്കുന്ന ആളുമാണ്. അങ്ങനെ വ്യത്യസ്ത സംസ്ഥാനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ നല്ല നിലയ്ക്കാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് പ്രകീര്‍ത്തിച്ച് പറയുന്നത്. അത് സ്വാഭാവികമായ ഒരു പ്രതികരണമാണ്. അക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് അവര്‍ തമ്മിലുളള കാര്യമാണ്. അതില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി