കേരളം

'സിപിഎം സൈബര്‍ ഗുണ്ടകള്‍ വാക്കുകള്‍ വളച്ചൊടിക്കുന്നത് പതിവാണ്;  പറഞ്ഞത് എന്‍ജിഒ യൂണിയന്‍കാരും പീഡിപ്പിക്കുന്നുണ്ട് എന്ന അര്‍ത്ഥത്തില്‍';  വിശദീകരണവുമായി ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശം തെറ്റായ രീതിയില്‍ വളച്ചൊടിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ഞാന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത്, വളച്ചൊടിച്ച്  പരിഹസിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടു. പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവു എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന് ഞാന്‍ മറുപടി നല്‍കി എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഡിവൈഎഫ്‌ഐക്കാര്‍ മാത്രമല്ല, ഭരണ പക്ഷ സര്‍വ്വീസ് സംഘടനയായ എന്‍ജിഒ യൂണിയന്‍കാരും പീഡിപ്പിക്കുന്നുണ്ട് എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്. എന്റെ മറുപടിയിലെ അടുത്ത വാചകങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. സ്ത്രീകള്‍ക്കെതിരെ ഒരു തരത്തിലുമുള്ള പീഡനവും പാടില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്'- ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

'സിപിഎം സൈബര്‍ ഗുണ്ടകളും ചില കേന്ദ്രങ്ങളും നേരത്തേയും ഇതേപോലെ എന്റെ പത്രസമ്മേളനത്തിലെ ഏതാനും വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. അതിന്റെ ഭാഗം മാത്രമാണ് ഇതും. കോവിഡ് രോഗികളായ രണ്ട് യുവതികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി രോഷം അലടയിക്കുകയാണ്. അതില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടുന്നതിനുള്ള കുതന്ത്രം മാത്രമാണ് ഇത്. നിക്ഷിപ്ത താല്പര്യക്കാരുടെ ആ കുതന്ത്രത്തില്‍ വീണു പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.'- അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ചയാള്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് നല്‍കിയ മറുപടിയാണ് വിവാദത്തിലായത്. 'ഡിവൈഎഫ്‌ഐക്കാര്‍ക്കേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ? എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. 

പ്രതി എന്‍ജിഒ അസോസിയേഷന്‍ കാറ്റഗറി സംഘടനയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ മറുപടി. പ്രദീപ് കുമാര്‍ കോണ്‍ഗ്രസുകാരനാണെന്ന് വെറുതെ കളളത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. താന്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയല്ല അറിഞ്ഞതെന്നും എന്‍ജിഒ യൂണിയനില്‍ പെട്ട ആളാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പരമാര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ