കേരളം

കാര്യസ്ഥൻ പറഞ്ഞതെല്ലാം കള്ളം, ജയമാധവനെ ആശുപത്രിയിൽ കൊണ്ടുപോയിട്ടില്ല; കരമന ദുരൂഹ മരണത്തിൽ നിർണായക കണ്ടെത്തൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കരമന ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിൽ വഴിത്തിരിവ്. ജയമാധവന്‍ നായരുടെ മരണത്തെക്കുറിച്ചും സ്വത്തു കൈമാറ്റത്തെക്കുറിച്ചും നിര്‍ണായക കണ്ടെത്തലുകളാണ് പൊലീസ് നടത്തിയിരിക്കുന്നത്.  ജയമാധവന്‍റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയ പൊലീസിന് അദ്ദേഹത്തിന്‍റെ കുടുംബത്തിലെ കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നടന്ന ഗൂഡാലോചനയെ കുറിച്ചും വിവരം കിട്ടി.

കാര്യസ്ഥൻ രവീന്ദ്രന്‍നായർ നൽകിയ മൊഴി വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളെ പ്രതിയാക്കുന്ന കാര്യം പരി​ഗണനയിലാണ്. ഒരു കുടുംബത്തിലെ അഞ്ചു പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവന്‍ നായരാണ് അവസാനം മരിച്ചത്. ജയമാധവന്‍ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ കാര്യസ്ഥനായ രവീന്ദ്രന്‍നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തതോടെ ദുരൂഹത വര്‍ധിക്കുകയായിരുന്നു.

കൂടത്തായി മോഡല്‍ കൊലപാതകമെന്ന സംശയമുയര്‍ന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ജയമോഹന്റെ മരണത്തിലും സ്വത്തു കൈമാറ്റത്തിലും രവീന്ദ്രന്‍ നായരുടെ ഇടപെടലുകളില്‍ സംശയമുണര്‍ത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയത്. ഇതോടെ ഉമാമന്ദിരത്തിന്‍റെ സ്വത്തുക്കളുടെ വിൽപ്പനയും നിർമ്മാണ പ്രവർത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനും രജിസ്ട്രേഷന്‍ വകുപ്പിനും ജില്ലാ ക്രൈംബ്രാഞ്ച് കത്തു നൽകി.

അബോധാവസ്ഥയില്‍ വീട്ടിൽ കണ്ട ജയമാധവൻ നായരെ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചുവെന്നായിരുന്നു രവീന്ദ്രൻ നൽകിയ മൊഴി. മരണത്തിന് മുമ്പ് സ്വത്തുക്കള്‍ വിൽക്കാൻ തനിക്ക് അനുമതി പത്രം നൽകിയെന്നും രവീന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ഈ മൊഴി ശരിയല്ലെന്നാണ് അസി.കമ്മീഷണർ സുൽഫിക്കറിന്‍റെ നേതൃത്വത്തിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് പ്രധാനം. ജയമാധവന്‍ നായരെ താന്‍ ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ലെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം അയൽവാസികളെ അറിയിക്കാതെ വേലക്കാരിയെ വിളിച്ചുവരുത്തി അരമണിക്കൂറിന് ശേഷം എന്തിനാണ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെതെന്ന കാര്യവും സംശയം ഉണര്‍ത്തുന്നു.

ജയമാധവന്‍റെ വീട്ടിൽ വച്ച് വിൽപ്പത്രം തയ്യാറാക്കി സാക്ഷികള്‍ ഒപ്പിട്ടുവെന്ന മൊഴിയും കളവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  ഒപ്പിട്ട സാക്ഷികളിൽ ഒരാളായ അനിൽ, തൻറെ വീട്ടിൽകൊണ്ടുവന്നാണ് രവീന്ദ്രൻ പേപ്പർ ഒപ്പിട്ടതെന്ന് പൊലീസിനെ അറിയിച്ചു. ജയമാധവന്‍റെ മരണത്തിനു ശേഷം അകന്ന ബന്ധുവായ മുൻ കളക്ടർ മോഹൻദാസ് ഉള്‍പ്പെടെയുളളവര്‍ യോഗം ചേർന്ന് രേഖകളുണ്ടാക്കി സ്വത്തുക്കള്‍ തട്ടിയെടുക്കാൻ ഗൂഡാലോചന നടത്തിയതിന്‍റെ തെളിവുകളും  ശേഖരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം