കേരളം

'വോട്ടര്‍പട്ടിക കൃത്രിമം, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം'; ഉറക്കെവിളിച്ച് ജില്ലാകളക്ടറുടെ കാര്‍ തല്ലിത്തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവറാവുവിന്റെ വാഹനത്തിന് നേരെ കല്ലേറ്. 'വോട്ടര്‍പട്ടികയില്‍ കൃത്രിമ'മാണെന്നു വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു കാറിന് നേരെ യുവാവിന്റെ ആക്രമണം. കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ ഇയാള്‍ അടിച്ചു തകര്‍ത്തു.  മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നു സംശയിക്കുന്നതായി ജീവനക്കാര്‍ പറഞ്ഞു. പ്രമോദ് എന്നയാളാണു പിടിയിലായത്. ഇയാളില്‍നിന്ന് ലഘുലേഖകളും പുസ്തകങ്ങളും പിടികൂടിയതായി പൊലീസും പറഞ്ഞു. സിവില്‍സ്റ്റേഷനു മുന്നിലെ കാര്‍പോര്‍ച്ചില്‍ രാവിലെ പത്തരയോടെയാണു സംഭവം. 

വൃത്തിയായി വസ്ത്രം ധരിച്ച ഒരാള്‍ നടന്നുവരികയായിരുന്നു. പെട്ടെന്ന് 'കൃത്രിമം കാണിക്കുന്ന വോട്ടര്‍പട്ടികയാണ്. തിരഞ്ഞെടുപ്പില്‍ വിശ്വാസമില്ല. ബഹിഷ്‌കരിക്കണം' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് കാര്‍ ആക്രമിക്കുകയായിരുന്നു. തോര്‍ത്തുമുണ്ടില്‍ കല്ലു കെട്ടി കയ്യില്‍കരുതിയിരുന്നു. ഇതുകൊണ്ട് കാറില്‍ ആഞ്ഞടിച്ചു. മുന്നിലെ രണ്ട് ജനല്‍ച്ചില്ലുകളും തകര്‍ത്തു. കാറിന്റെ മുന്നിലെ ചില്ലില്‍ മൂന്നിടത്തായി അടിച്ചുതകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് എഡിഎമ്മിന്റെ കാര്‍ ആക്രമിക്കാന്‍ തുനിയുന്നതിനിടെ ജീവനക്കാരും പൊലീസുകാരും ചേര്‍ന്ന് ഇയാളെ കീഴടക്കുകയായിരുന്നു.

പിടിയിലായ പ്രമോദിനു മാനസികാസ്വാസ്ഥ്യമുണ്ടെന്നു സംശയിക്കുന്നതായി ജീവനക്കാരും കണ്ടുനിന്നവരും പറഞ്ഞു. അതേസമയം ഇയാളില്‍നിന്ന് ഏതാനും പുസ്തകങ്ങളും ലഘുലേഖയും പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ബൂത്തില്‍കയറി വോട്ടിങ് യന്ത്രം നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. എലത്തൂരില്‍ റിലയന്‍സ് പെട്രോള്‍പമ്പില്‍ മാവോയിസ്റ്റ് പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയുംചെയ്തതിനും കേസെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ