കേരളം

മഞ്ചേശ്വരത്ത് എല്‍ഡിഎഫ് യുഡിഎഫിന് വോട്ടുചെയ്യണം ;  നിലപാട് ആവര്‍ത്തിച്ച് മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : മഞ്ചേശ്വരത്ത് എല്‍ഡിഎഫ് വോട്ടര്‍മാര്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ആണ് നിര്‍ത്തിയിട്ടുള്ളത്. ബിജെപിയെ പരാജയപ്പെടുത്താന്‍ മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയ്ക്ക് കഴിയില്ല. അതിനാല്‍ മാര്‍ക്‌സിസ്റ്റ്-കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് വോട്ടുചെയ്യണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

തലശ്ശേരിയിലും ഗുരുവായൂരും ദേവികുളത്തും ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രിക തള്ളിപ്പോയത് യാദൃച്ഛികമല്ലെന്ന്  മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  അത് യാദൃച്ഛികമായി തള്ളിപ്പോയതാണോ ?. അത് വിശ്വസിക്കേണ്ട മൗഢ്യം ഈ നാട്ടിലെ ജനങ്ങള്‍ക്കില്ല. മനപ്പൂര്‍വം സിപിഎമ്മിനെ സഹായിക്കാന്‍ വേണ്ടിയാണ് അത് ഇന്‍വാലിഡ് ആക്കിയതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി സ്വതന്ത്രനായി മല്‍സരിക്കുന്ന സിഒടി നസീറിന് പിന്തുണ നല്‍കുമെന്ന് ബിജെപി നേതൃത്വം പറഞ്ഞു. അതിന് ശേഷം ഇന്നുരാവിലെ ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞത് തലശ്ശേരിയില്‍ ബിജെപിക്കാര്‍ മനഃസാക്ഷിക്ക് അനുസരിച്ച് വോട്ടുചെയ്യുമെന്ന്. അതിന്റെ അര്‍ത്ഥം ബിജെപി സിപിഎമ്മിനെ സഹായിക്കാന്‍ തീരുമാനിച്ചു എന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ബിജെപിയുടേയും എസ്ഡിപിഐയുടേയും ഒറ്റ വോട്ടു പോലും കോൺ​ഗ്രസിന് വേണ്ട. തലശ്ശേരിയില്‍ എന്നല്ല, ഒരിടത്തും വേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വര്‍ഗീയശക്തികളുമായി ബന്ധമില്ലെന്ന് പറയുകയും അവരെ വാരിപ്പുണരുകയും ചെയ്യാന്‍ ഞങ്ങള്‍ സിപിഎമ്മുകാരല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 സീറ്റ് നേടുമെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു. 

ബോംബ് പൊട്ടും ബോംബ് പൊട്ടും എന്ന് പറഞ്ഞിട്ട് എന്തേ പൊട്ടാത്തേ... മുഖ്യമന്ത്രി നടത്തിയ കള്ളനാടകമാണ് ബോബ് പൊട്ടല്‍ എന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജനങ്ങള്‍ ബിജെപിയെ പൂജ്യം സ്ഥാനം നല്‍കിയാകും ബഹുമാനിക്കുക എന്നും മുല്ലപ്പള്ളി പരിഹസിച്ചു. 

മഞ്ചേശ്വരത്ത് സിപിഎം സഹായം ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി നേരത്തെ മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രം​ഗത്തെത്തിയിരുന്നു. ബിജെപിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കാനാവും. അതിന് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും കഴിഞ്ഞ തവണ അത് തെളിയിച്ചതാണെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍