കേരളം

85 സീറ്റു വരെ നേടി തുടര്‍ഭരണമെന്ന് സിപിഎം; യുഡിഎഫിന് മികച്ച വിജയമെന്ന് ചെന്നിത്തല; കൂട്ടലും കിഴിക്കലുമായി മുന്നണികള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സംസ്ഥാനത്ത് മുന്നണികള്‍ കൂട്ടലും കിഴിക്കലും നടത്തുകയാണ്. തുടര്‍ഭരണമുണ്ടാകുമെന്ന് എല്‍ഡിഎഫും, അധികാരം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫും വിലയിരുത്തുന്നു. മികച്ച മുന്നേറ്റം നടത്തുമെന്നും പല മണ്ഡലങ്ങളിലും അട്ടിമറി വിജയം നേടുമെന്നുമാണ് ബിജെപി കണക്കുകൂട്ടല്‍. 

നിലവിലെ സാഹചര്യത്തില്‍ 85 സീറ്റുകള്‍ വരെ നേടി ഇടതുസര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം നൂറ് കടക്കുമെന്നും ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നു. സമാന വികാരമാണ് മറ്റ് ഇടതു പാര്‍ട്ടികളുടെ കേന്ദ്ര നേതാക്കളും കരുതുന്നത്.

2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ഉണ്ടാകും. ബി ജെ പി യ്ക്ക് നിലവിലെ സീറ്റ് പോലും കിട്ടില്ല. പതിവ് വോട്ടു കച്ചവടം ഇത്തവണയും കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ നടത്തി. ബി ജെ പി വോട്ടുകള്‍ യു ഡി എഫിന് മറിച്ചുവെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ബിജെപി തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ കണ്ടിട്ടില്ല. ചില മണ്ഡലങ്ങളില്‍ മാത്രം അവര്‍ കേന്ദ്രീകരിച്ചു. സുകുമാരന്‍ നായര്‍ പറഞ്ഞത് ആ സമുദായം കേള്‍ക്കില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും. കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ കൊലപാതകമല്ലെന്നും പ്രാദേശിക വിഷയങ്ങള്‍ ആണ് കാരണമെന്നും വിജയരാഘവന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ വിലപ്പോയില്ല. പിണറായി വീണ്ടും അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി നശിക്കും എന്ന് വിശ്വസിക്കുന്നവര്‍ പോലും യുഡിഎഫിന് ഇത്തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു. 

എന്‍എസ്എസിനെ ഭീഷണിപ്പെടുത്താന്‍ സിപിഎം നോക്കിയെങ്കിലും നടന്നില്ല. അങ്ങനെ ആരും ആരെയും വിരട്ടാന്‍ നോക്കേണ്ട. അയ്യപ്പന്റെ പേര് ഉപയോഗിച്ചതിനാണ് എന്‍എസ്എസിനെതിരെ എകെ ബാലന്റെ പരാതിയെങ്കില്‍ ആദ്യം പരാതി നല്‍കേണ്ടത് പിണറായി വിജയന് എതിരെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

മഞ്ചേശ്വരത്ത് നല്ല മാര്‍ജിനില്‍ ജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ തവണ ചതിയിലൂടെ 89 വോട്ടിന് തോല്‍പ്പിച്ചതിനെതിരെയുള്ള പ്രതിഷേധം പലയിടത്തും പ്രകടമായി. ചിലയിടത്ത് ക്രോസ്സ് വോട്ടിങ് നടന്നെങ്കിലും അതിനെ മറികടക്കാനാവും എന്നാണ് റിപ്പോര്‍ട്ട്. 

നേമം നല്ല ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കും. തിരുവനന്തപുരത്തെ ഏഴോളം മണ്ഡലങ്ങളില്‍ ബിജെപിക്ക് ഒന്നാം സ്ഥാനത്ത് എത്താനാകുന്ന സ്ഥിതിയാണുള്ളത്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഒരു മുന്നണിക്കും കൃത്യമായ ഭൂരിപക്ഷം ലഭിക്കില്ല. കേരളത്തിന്റെ ഗതി നിര്‍ണയിക്കുന്ന ശക്തിയായി എന്‍ഡിഎ മാറുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു