കേരളം

കാരണവര്‍ക്ക് എന്തും ആകാമെന്നാണോ ?; മുഖ്യമന്ത്രിക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കണമെന്ന് വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊലീസ് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. രോഗം സ്ഥിരീകരിച്ചശേഷം ആംബുലന്‍സിലല്ല ആശുപത്രിയിലേക്ക് വന്നത്. ഗണ്‍മാനോ മറ്റോ ആ വാഹനത്തിലുണ്ടായിരുന്നു. രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോഴും മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് വി മുരളീധരന്‍ പറഞ്ഞു. 

രോഗമുക്തിക്ക് ശേഷം 7 ദിവസം കൂടി ഐസൊലേഷന്‍ തുടരണമെന്നാണ് കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍  ഇപ്പോഴും രോഗമുക്തി നേടിയിട്ടില്ലാത്ത ഭാര്യയും മുഖ്യമന്ത്രിയുടെ വാഹനത്തിലാണ് പോകുന്നത്. ഇതാണോ മുഖ്യമന്ത്രി കാണിക്കേണ്ട മര്യാദ. ഒരു വര്‍ഷമായി ജനങ്ങള്‍ക്ക് ക്ലാസ്സെടുത്ത മുഖ്യമന്ത്രിക്ക് കോവിഡിന്റെ ഔപചാരിക പ്രോട്ടോക്കോള്‍ പാലിക്കാന്‍ സാമാന്യ മര്യാദയില്ലേ എന്നും മുരളീധരന്‍ ചോദിച്ചു. 

കോവിഡ് സ്ഥിരീകരിക്കുന്ന ദിവസം തൊട്ട് 10-ാം ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കേണ്ടത്. ഇതാണ് ഐസിഎംആര്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ആറാം ദിവസം ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് കണ്ടെത്തി മുഖ്യമന്ത്രി ആശുപത്രി വിടുകയായിരുന്നു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറയുന്നത് അനുസരിച്ച് നാലാംതീയതി മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചു എന്നിരിക്കട്ടെ, അങ്ങനെയെങ്കില്‍ 10 ദിവസമായി. എങ്കില്‍ എട്ടാംതീയതി അഡ്മിറ്റ് ചെയ്തശേഷം അറിയുന്നതല്ല അക്കാര്യം. 

നാലാംതീയതി രോഗം ബാധിച്ചെങ്കില്‍ പതിനായിരക്കണക്കിന് ആളുകളെ വെച്ച് റോഡ്‌ഷോ നടത്തിയത് പ്രോട്ടോക്കോള്‍ ലംഘനമല്ലേ. ആറാം തീയതി കോവിഡ് ബാധിതയായ സ്വന്തം മകള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഏതാണ്ട് 500 മീറ്റര്‍ നടന്ന് പോളിങ് ബൂത്തിലേക്ക് വന്ന മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘനമല്ലേ നടത്തിയത് എന്നും കേന്ദ്രമന്ത്രി ചോദിച്ചു. രോഗം ബാധിച്ച മകള്‍ക്കൊപ്പം താമസിച്ചയാള്‍ പ്രൈമറി കോണ്‍ടാക്ടിലുള്ളയാളാണ്. ആ രീതിയിലാണോ മുഖ്യമന്ത്രി പെരുമാറിയത് ?. കാരണവര്‍ക്ക് എന്തും ആകാമെന്നാണോ എന്നും മുരളീധരന്‍ ചോദിച്ചു. 

തെരഞ്ഞെടുപ്പ് കാലത്ത് നിരവധി പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അതുപോലെ മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണം. കെ ടി ജലീലിന്റെ രാജിയില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്. യോഗ്യത മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഇപി ജയരാജന്റെ കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി. എന്നാല്‍ ജലീലിന്റെ കാര്യത്തില്‍ എന്തുകൊണ്ട് വിജിലന്‍സ് അന്വേഷണത്തിന് തയ്യാറായില്ലെന്നും മുരളീധരന്‍ ചോദിച്ചു. 

സ്വന്തം മന്ത്രിസഭയിലെ ഒരംഗത്തിന്റെ അഴിമതി മറച്ചുവെച്ചുകൊണ്ട് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളുടെ പിന്നാലെ, വിജിലന്‍സ്, ക്രൈംബ്രാഞ്ച് സംഘങ്ങളെ കയറൂരി വിടുന്നത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് മുരളീധരന്‍ ചോദിച്ചു. അഴിമതി ചോദ്യം ചെയ്യുന്നവരോടാണ് മുഖ്യമന്ത്രിക്ക് അസഹിഷ്ണുത. ജലീല്‍ വിഷയത്തില്‍ കൂട്ടുത്തരവാദിത്തമുള്ള മുഖ്യമന്ത്രിക്കെതിരെ ബിജെപി നിയമനടപടി സ്വീകരിക്കും. ബന്ധപ്പെട്ട നിയമവേദികളില്‍ പിണറായി വിജയന് മൗനം പാലിച്ചുകൊണ്ട് രക്ഷപ്പെടാനാകില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു