കേരളം

ആളും ആരവവുമില്ലാതെ തേക്കിൻകാട് മൈതാനം; മാനദണ്ഡങ്ങൾ പാലിച്ച് പകൽപൂരം, ചടങ്ങിനു മാത്രമായി കുടമാറ്റം

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാണികളില്ലാതെ ചരിത്രത്തിലാദ്യമായി തൃശൂർപൂരം. ആളും ആരവവുമില്ലാതെ, ചടങ്ങുകൾ മാത്രമായി നടന്ന പകൽപൂരത്തിന് പാറമേക്കാവ് വിഭാ​ഗത്തിന്റെ കുടമാറ്റത്തോടെ സമാപനം കുറിച്ചു. 

 രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തി. പിന്നാലെ ഘടകപൂരങ്ങളുടെ വരവായി. ഒരാനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഇത്തവണ ഘടകപൂരങ്ങളെത്തിയത്. പാസ് ലഭിച്ച സംഘാടകർ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്.

11നു പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യം. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ ചെമ്പടമേളം നടന്നു. രണ്ടുമണിയോടെ വടക്കുനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം നടന്നത്. ആളും ആരവവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്നുവന്നിരുന്ന ഇലഞ്ഞിത്തറമേളത്തിന് താളം പിടിക്കാൻ ഇത്തവണ പൂരപ്രേമികൾ ഉണ്ടായിരുന്നില്ല. 2.45ന് ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളവും അരങ്ങേറി.

വൈകിട്ട് 4.30ന് ഇലഞ്ഞിത്തറ മേളം കലാശിച്ച് 5.30നു തെക്കേഗോപുരനടയിൽ കുടമാറ്റം ചടങ്ങായി മാത്രം നടന്നു. പാറമേക്കാവ് വിഭാഗം 15 ആനകളെ അണിനിരത്തിയാണ് കുട മാറിയത്. തിരുവമ്പാടി വിഭാഗം ഒരാനപ്പുറത്ത് ചടങ്ങിനുമാത്രമായി കുടമാറ്റത്തിനു നിന്നു. രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യം. പുലർച്ചെ 3നാണ് പൂരവെടിക്കെട്ട്. ശനിയാഴ്ച രാവിലെ 9നു ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും. കാണികൾക്കു പ്രവേശനം കർശനമായി നിരോധിച്ചിട്ടുള്ളതിനാൽ നഗരത്തിലേക്കുള്ള വഴികൾ പൊലീസ് അടച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്