കേരളം

വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നു, ടിപിആര്‍ സ്ലാബും ഒഴിവാക്കും; പകരം എന്ത്? അവലോകന യോഗം വൈകിട്ട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിനുള്ള ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നു. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണും ഒപ്പം വാരാന്ത്യ ലോക്ക്ഡൗണും അവസാനിപ്പിക്കുമെന്നാണ് സൂചന. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

രണ്ടു മാസത്തിലേറെയായി ലോക്ക് ഡൗണ്‍ തുടരുന്നത് ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതു ചൂണ്ടിക്കാട്ടി, കോവിഡ് നിയന്ത്രണ രീതികള്‍ മാറ്റണമെന്ന് വിവിധ കോണുകളില്‍നിന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ലോക്ക്ഡൗണ്‍ തുടര്‍ന്നിട്ടും കോവിഡ് ഫലപ്രദമായ വിധത്തില്‍ കുറയാത്തതില്‍ കഴിഞ്ഞ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതിയുടെ ശുപാര്‍ശകള്‍ ഇന്നത്തെ യോഗം പരിഗണിക്കും.

ടിപിആര്‍ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ് സംസ്ഥാനത്ത് തുടര്‍ന്നുവരുന്നത്. ഇത് അശാസ്ത്രീയമെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതു മാറ്റി പകരം ഓരോ പ്രദേശത്തെയും ആകെ കേസുകളുടെ എണ്ണം അടിസ്ഥാനമാക്കി നിയന്ത്രണം കൊണ്ടുവരണമെന്ന നിര്‍ദേശം ഇന്നത്തെ യോഗം പരിഗണിക്കും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ സര്‍ക്കാരിനു മുന്നില്‍ ഇത്തരമൊരു നിര്‍ദേശം വച്ചിട്ടുണ്ട്. 

ടിപിആറിനു പകരം സജീവ പ്രതിദിന കേസുകള്‍ അടിസ്ഥാനമാക്കി അതതു പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ക്വാറന്റൈന്‍ നിബന്ധനകള്‍ കര്‍ശനമാക്കണമെന്നും നിര്‍ദേശമുണ്ട്. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങള്‍ ആവുന്നതു തടയാന്‍ നടപടി വേണം. ആള്‍ക്കൂട്ടത്തിനു കാരണമാവുന്ന കൂട്ട വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്നും കെജിഎംഒഎ പറയുന്നു.

രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള നിയന്ത്രണ നടപടി യോഗം പരിഗണിച്ചേക്കും. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാകും മുഖ്യ നടപടി. രണ്ടു ദിവസത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും തീരുമാനമുണ്ടായേക്കും. രണ്ടു ദിവസം വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിലൂടെ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും തിരക്കു കൂടുന്ന സാഹചര്യം ഉണ്ടാവുന്നത് പലരും ചൂണ്ടിക്കാട്ടിയിരുന്നു. 

ഏതസമയം കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന് എതിരെ നേരത്തെ സുപ്രീം കോടതി നടത്തിയ വിമര്‍ശനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങളും കണക്കിലെടുത്താവും അന്തിമ തീരുമാനമെടുക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ