കേരളം

'അവനില്ലാതെ എനിക്കു ജീവിക്കാനാവില്ല'- ദത്തെടുത്ത മകനെ സംരക്ഷിക്കൻ അനുവദിക്കണം; വളർത്തച്ഛൻ ഹൈക്കോടതിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 21 മാസം പ്രായമുള്ള ദത്തടുത്ത മകന്റെ സംരക്ഷണം തനിക്ക് തന്നെ വേണമെന്ന് ആവശ്യപ്പെട്ട് വളർത്തച്ഛൻ ഹൈക്കോടതിയെ സമീപിച്ചു. ഭാര്യയുടെ അപ്രതീക്ഷിത മരണത്തെ തുടർന്നാണ് വളർത്തച്ഛൻ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഡൽഹിയിലെ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (സിഎആർഎ) നിർദ്ദേശത്തിന് പിന്നാലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലെ ഒരു ഉദ്യോ​ഗസ്ഥൻ കുട്ടിയെ തിരികെ എൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയതോടെയാണ് വളർത്തച്ഛൻ ഹർജി നൽകിയത്. 

കുട്ടിയെ സ്വന്തം മകനെപ്പോലെ ഇപ്പോൾ താൻ സംരക്ഷിക്കുകയാണെന്നും തിരികെ എൽപ്പിക്കുന്നത് കുട്ടിയുടെ ക്ഷേമത്തിന് ​ഗുണകരമല്ലെന്നും ​​ഹർജിയിൽ പറയുന്നു. കുഞ്ഞിനെ കൂടാതെ തനിക്ക് ജീവിക്കാൻ സാധ്യമല്ലെന്നും കോഴിക്കോട് സ്വദേശിയായ ഹർജിക്കാരൻ വ്യക്തമാക്കി. 

കുട്ടികളില്ലത്തതിനെ തുടർന്ന് ദമ്പതികൾ 2017 ഓഗസ്റ്റ് ഒൻപതിന് സിഎആർഎയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു. നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ ഒരു ആൺകുട്ടിയെ ബം​ഗളൂരുവിലുള്ള സൊസൈറ്റി ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഹോളി ഏഞ്ചൽസ് കോൺവെന്റിൽ നിന്ന് ദത്തെടുത്തു. എന്നാൽ കുട്ടിയെ ദത്തെടുത്ത് ഒരാഴ്ച കഴിയുമ്പോഴേക്കും‌ ഹർജിക്കാരന്റെ ഭാര്യ മരിച്ചു.

ഭാര്യയുടെ മരണം ശേഷം ​ഹർജിക്കാരന്റെ സംരക്ഷണയിൽ തന്നെയായിരുന്നു കുട്ടി. ഇത് കോഴിക്കോട്ടെ ശിശുക്ഷേമ സമിതിയെയും ദത്തെടുത്ത സ്ഥാപനത്തേയും അറിയിക്കുകയും ചെയ്തു. ദത്തെടുക്കൽ ഉത്തരവ് യഥാസമയം ലഭിച്ചിരുന്നില്ല. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഭ്യർത്ഥിച്ച് സ്ഥാപനവുമായി ബന്ധപ്പെട്ടു. അപേക്ഷ അന്തിമ തീരുമാനം എടുക്കാൻ സിഎആർഎയുടെ പക്കലുണ്ടെന്നും കൂടുതൽ കാലതാമസം ഇല്ലാതെ അത് പരിഹരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിക്കാരനെ അറിയിച്ചു.

എന്നാൽ ഇക്കാര്യത്തിൽ തീരുമാനം ഒന്നും അറിയിച്ചില്ല. പിന്നാലെ കുഞ്ഞിനെ തിരിച്ചു നൽകണമെന്ന്  സിഎആർഎയിൽ നിന്ന നിർദ്ദേശം ലഭിച്ചതായി ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ജൂലൈ19 ന് കോഴിക്കോട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ എത്തിയ കുട്ടിയെ ബലമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതായി ഹർജിയിൽ പറയുന്നു. മുൻകൂർ അറിയിപ്പ് പോലും നൽകാതെയായിരുന്നു ഉദ്യോഗസ്ഥന്റെ നടപടി. തന്റെ ഭാ​ഗം കേൾക്കാൻ ഉ​ദ്യോ​ഗസ്ഥൻ തയ്യാറായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ദത്തെടുക്കൽ പ്രക്രിയ പൂർത്തിയാകുന്നതുവരെ കുട്ടിയെ തനിക്കൊപ്പം തുടരാൻ അനുവദിക്കണമെന്നും ഹർജിക്കാരൻ വ്യക്തമാക്കി.

ഹർജി തീർപ്പാക്കുന്നതു വരെ കുട്ടിയുടെ സംരക്ഷണം വളർത്തച്ഛന് തന്നെ നൽകാൻ ജസ്റ്റിസ് പിബി സുരേഷ് കുമാർ തീരുമാനിച്ചു. അതേസമയം, സിഎആർഎയ്ക്കു വേണ്ടി ഹാജരായ കേന്ദ്ര സർക്കാർ അഭിഭാഷകൻ അവരുടെ നിലപാട് അറിയിക്കാൻ എട്ട് ആഴ്ച സമയം ആവശ്യപ്പെട്ടു. കേസ് എട്ട് ആഴ്ചകൾക്ക് ശേഷം കോടതി വീണ്ടും പരി​ഗ​ണിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍