കേരളം

സഹോദരിയെ ആക്രമിച്ചു; ലഹരിക്ക് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; കേസ് തെളിഞ്ഞത് ഒരു വർഷത്തിന് ശേഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് മയക്ക് മരുന്നിന് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് അമ്മയാണ് മകനെ കൊന്നത് എന്ന് പൊലീസിന് തെളിയിക്കാനാവുന്നത്. അമ്മ നാദിറ (43)നെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിദ്ദിഖ് (20) ആണ് ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

തൂങ്ങിമരണമാണെന്നാണ് സിദ്ദിഖിന്‍റെ അമ്മയും സഹോദരിയും പൊലീസിന് മൊഴി നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു സംഭവം. ആത്മഹത്യയാണ് എന്നാണ് ആദ്യ ഘട്ടത്തിൽ കരുതിയത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതയുണ്ടെന്ന് ഫോറന്‍സിക് സര്‍ജന്‍മാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. 

സഹോദരിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെ സംഭവിച്ച് പോയതാണെന്ന്‌ അമ്മ

സിദ്ദിഖ് മരിക്കുന്ന ദിവസവും സഹോദരിയെ മർദിച്ചിരുന്നു. സഹോദരിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെ സംഭവിച്ച് പോയതാണെന്നാണ് അമ്മ നാദിറ പൊലീസിനോട് പറഞ്ഞത്. മയക്കുമരുന്നിന് അടിമയായ സിദ്ദിഖ് അമ്മയെയും സഹോദരിയെയും നിരന്തരം മര്‍ദിക്കാറുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. കുടുംബത്തിന് സിദ്ദിഖ് നിരന്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നെങ്കിലും കൊലപാതകം മനപൂർവ്വം പദ്ധതിയൊരുക്കി ചെയ്തതല്ലെന്ന നി​ഗമനത്തിലാണ് പൊലീസ്. 

അതേസമയം കുറ്റകൃത്യം ഒളിച്ചുവെച്ചതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടന്നേക്കും. നാദിറ വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസ് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് തെളിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ