കേരളം

പാതിരാത്രി ഡാം തുറക്കുന്നത് ശുദ്ധ മര്യാദകേട് ; തമിഴ്നാടിനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി

സമകാലിക മലയാളം ഡെസ്ക്

പൈനാവ്: മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രി തുറന്നു വിടുന്നതിൽ തമിഴ്നാടിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി. പാതിരാത്രിയില്‍ ഡാം തുറക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ശുദ്ധ മര്യാദകേടാണ്. മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും എം എം മണി പറഞ്ഞു. ഇത് പറയാന്‍ ആര്‍ജവമില്ലാത്ത എം.പിയും പ്രതിപക്ഷ നേതാവും വീട്ടിലിരുന്ന് സമരം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മുല്ലപ്പെരിയാര്‍ ഡാം ജലബോംബായി വണ്ടിപ്പെരിയാറിന് മുകളില്‍ നില്‍ക്കുകയാണെന്ന് എം എം മണി പറഞ്ഞിരുന്നു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാമിന്റെ അകം കാലിയായി. വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണെന്നും നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസത്തില്‍ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞിരുന്നു.  

​ഗൗരവത്തോടെ കാണുന്നു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ല. കേരള സർക്കാർ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. 

എത്രകാലം ഇങ്ങനെ രാത്രിയിൽ സുരക്ഷ ഒരുക്കുമെന്ന് മന്ത്രി 

തമിഴ്നാടിന്റെ നടപടിയിൽ അതീവ ദുഃഖമുണ്ട്. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ അറിയിപ്പ് തമിഴ് നാടിന് നൽകും. വിഷയം സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.മേൽനോട്ട സമിതി കൂടാതെയാണ് തമിഴ്നാട് ഇങ്ങനെ ചെയ്തത്. ഇക്കാര്യം മേൽനോട്ട സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയിൽ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാൻ ശ്രമം നടത്തുമെന്നും റോഷി അ​ഗസ്റ്റിൻ വ്യക്തമാക്കി. 

മന്ത്രിക്ക് നേരെയും പ്രതിഷേധം 

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. വീടുകളിൽ വെള്ളം കയറിയതറിഞ്ഞ് സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിന് നേര്‍ക്കും പ്രതിഷേധം ഉയര്‍ന്നു. വള്ളക്കടവില്‍ പൊലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിഷേധം ഉണ്ടായി. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന തോതിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു