കേരളം

ഇനിയും സഹിക്കാനാവില്ല; രാഷ്ട്രീയ ഇടപെടല്‍ അസഹ്യമെന്ന് ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ ചാന്‍സലര്‍ ആയിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്. രാജ്യത്ത് സര്‍വകലാശാലകളില്‍ ചാന്‍സലര്‍ ആയി ഗവര്‍ണര്‍മാരെ നിയോഗിച്ചത്, യൂണിവേഴ്‌സിറ്റി ഭരണത്തിലെ സര്‍ക്കാര്‍ ഇടപെടല്‍ തടയാനും, സ്വയംഭരണം സുതാര്യമായി നടക്കുന്നു എന്നുറപ്പാക്കാനുമാണ്. ചാന്‍സലര്‍ ഭരണഘടനാ പദവിയല്ലെന്നും, ഒഴിയാൻ സന്നദ്ധനാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

തന്നെ ഒഴിവാക്കിക്കോളൂ, ഏറ്റുമുട്ടാനില്ല

സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമാണ്. ഇക്കാര്യമാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത്. തനിക്ക് ഇനിയും ഇത്തരം കാര്യങ്ങള്‍ സഹിക്കാനാകില്ല. തനിക്ക് സര്‍ക്കാരുമായി ഒരു തരത്തിലുള്ള ഏറ്റുമുട്ടലിനും താല്‍പ്പര്യമില്ല. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിലും താന്‍ അതൃപ്തി അറിയിച്ചിരുന്നു. ഇക്കാര്യം സര്‍ക്കാരിനെയും അറിയിച്ചതാണ്.  

പഴയ ആളെ തന്നെ നിയമിക്കണമെങ്കില്‍ ചുരുങ്ങിയ പക്ഷം നടപടിക്രമങ്ങളെങ്കിലും ശരിയായവിധം പൂര്‍ത്തിയാക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. എങ്കില്‍ എന്തുകൊണ്ട് നിയമനത്തില്‍ ഒപ്പിട്ടു എന്നു ചോദ്യമുയര്‍ന്നേക്കാം.  വിയോജിച്ച് ഒപ്പിടാതിരുന്നാല്‍ താന്‍ ഗവര്‍ണര്‍ പദവിക്ക് യോജിക്കാതെ പെരുമാറിയെന്നും മറ്റും ആക്ഷേപമുയര്‍ത്തും. അത്തരത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഒരാഗ്രഹവുമില്ല. അതുകൊണ്ട് സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തോളാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ഇതുസംബന്ധിച്ച നിയമനിര്‍മ്മാണം സര്‍ക്കാര്‍ നടത്തുക, ഓര്‍ഡിനന്‍സില്‍ താന്‍ ഒപ്പിട്ടു നല്‍കിക്കോളാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അജണ്ടയും,  രാഷ്ട്രീയ ഇംഗിതങ്ങളും നടപ്പാക്കാനാണ് ശ്രമം. തനിക്ക് ഇതിന് കൂട്ടുനില്‍ക്കാന്‍ ആഗ്രഹമില്ല, തന്നെ ഇതിന് ഉപയോഗിക്കരുതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. താന്‍ ചാന്‍സലര്‍ ആയിരിക്കുമ്പോള്‍, സര്‍വകലാശാല ഭരണത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ തടയാൻ പരമാവധി ശ്രമിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

പ്രാഥമിക വിദ്യാഭ്യാസരം​ഗം മാതൃകാപരം
 

കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തെ തന്നെ ഏറെ ഉന്നത നിലവാരം പുലര്‍ത്തുന്നതും മാതൃകാപരവുമാണ്. എന്നാല്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് അതേ നിലവാരമുണ്ടാകുന്നില്ല. അതെന്തുകൊണ്ട്?. കേരളത്തിലെ സര്‍വകലാശാലകളില്‍ ഗവേഷണങ്ങള്‍ കാര്യമായി നടക്കുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ട അവസ്ഥയാണ്. ഇത് പല വിദ്യാഭ്യാസ വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഷ്ട്രീയപ്രസരമാണ് ഇതിന് കാരണം. 

കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഏഴുപേരാണ് അപേക്ഷിച്ചത്. എന്നാല്‍ നിയമനത്തിന് ഒരു പേര് മാത്രമാണ് ശുപാര്‍ശ ചെയ്തത്. യുജിസി നിയമപ്രകാരം യോഗ്യരായ മൂന്നുപേരുടെ പേരുകളാണ് നിയമനത്തിനായി ഗവര്‍ണര്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ കാലടിയില്‍ ഉണ്ടായത് നഗ്നമായ നിയമലംഘനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഉന്നത പദവികളില്‍ ഇഷ്ടക്കാരെ നിയമിക്കുന്നതില്‍ അതൃപ്തി പലതവണ സര്‍ക്കാരിനെ അറിയിച്ചതാണ്. രാഷ്ട്രീയ നിയമനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചാന്‍സലര്‍ സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കിക്കോളാനും, സര്‍ക്കാരുമായി സംഘര്‍ഷത്തിന് താല്‍പ്പര്യമില്ലെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി