കേരളം

'സമ്മതിച്ചിട്ട് പിന്നീട് എതിര്‍ക്കുന്നത് ശരിയല്ലല്ലോ'; ഗവര്‍ണറുടെ നിലപാട് ദുരൂഹമെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദൂരുഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്ന ആള്‍ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടേണ്ട ആളല്ല. അദ്ദേഹത്തിന് പൂര്‍ണമായ വിവേചന അധികാരമുണ്ട്. അഥവാ അങ്ങനെ ആരെങ്കിലും സമ്മര്‍ദ്ദം ചെലുത്തിയാല്‍ അതിന് വഴങ്ങേണ്ട ആളല്ല ഗവര്‍ണറെന്നും കോടിയേരി പറഞ്ഞു. 

സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  ഗവര്‍ണര്‍ എന്നത് ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന മഹദ് വ്യക്തിയാണ്. ചാന്‍സലര്‍ പദവി നിയമാനുസൃതമായി അദ്ദേഹത്തിന് നല്‍കിയിട്ടുള്ള പദവിയാണ്. ചാന്‍സലര്‍ പദവി നിര്‍വഹിക്കുന്നതിന് വ്യത്യസ്തമായ ഒരു നിലപാടും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നത് എന്നത് ദുരൂഹമാണ്.  

നിയമനം സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കുന്നത് സര്‍ക്കാര്‍ അല്ല. അതിന് വേണ്ടി ഒരു സെര്‍ച്ച് കമ്മിറ്റിയുണ്ട്. യൂണിവേഴ്‌സിറ്റി, സര്‍ക്കാര്‍, യുജിസി എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്നതാണ് സെര്‍ച്ച് കമ്മിറ്റി. ആ കമ്മിറ്റിയെ ഗവര്‍ണര്‍ തന്നെയാണ് നിയമിച്ചത്. അതില്‍ വ്യത്യസ്തമായ അഭിപ്രായം ഗവര്‍ണര്‍ ഇതുവരെ പറഞ്ഞിട്ടില്ല. സെര്‍ച്ച് കമ്മിറ്റിയാണ് പേര് ശുപാര്‍ശ ചെയ്തത്. 

ഗവര്‍ണര്‍ക്ക് ഒരു പേരാണ് വേണ്ടചെങ്കില്‍ അതും, മൂന്ന് പേരാണ് വേണ്ടതെങ്കില്‍ അത്തരത്തിലും ശുപാര്‍ശ നല്‍കാന്‍ സന്നദ്ധമാണെന്ന് സെര്‍ച്ച് കമ്മിറ്റി അറിയിച്ചിരുന്നു. പേര് ശുപാര്‍ശ നല്‍കിയതും ഐകകണ്‌ഠ്യേനയാണ്. വിസി ആയി ഒരാളുടെ പേര് മാത്രം മതിയെന്ന് പറഞ്ഞിട്ടില്ലെന്ന ഗവര്‍ണറുടെ അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, സെര്‍ച്ച് കമ്മിറ്റിയുടെ ആളുകള്‍ പറയുന്നത് ഒരു പേര് മതിയെന്ന് പറഞ്ഞുവെന്നാണ് എന്നായിരുന്നു കോടിയേരിയുടെ മറുപടി. 

ചാന്‍സലര്‍ പദവി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഗവര്‍ണര്‍ തന്നെ തുടരണമെന്നതാണ് സര്‍ക്കാര്‍ ആഗ്രഹം. ഗവര്‍ണറുമായി ഏറ്റുമുട്ടുന്നതിന് ഉദ്ദേശമില്ല. ചാന്‍സലര്‍ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചിട്ടുണ്ട്. അതില്‍ ഒരു വിഘാതവും ഉണ്ടായിട്ടില്ല. ഇനിയും ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും കോടിയേരി പറഞ്ഞു. 

ഗവര്‍ണറുടെ നോമിനിയെ സര്‍ക്കാര്‍ തന്നെ നിശ്ചയിച്ചോളാം എന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അറിയിച്ചു എന്നാണല്ലോ ഗവര്‍ണര്‍ പറയുന്നത് എന്ന ചോദ്യത്തിന്, അത് ഗവര്‍ണര്‍ തന്നെ സമ്മതിച്ചിട്ടാണല്ലോ അങ്ങനെ ഒരു വ്യക്തിയെ നിര്‍ദേശിച്ചത്. അത് സമ്മതിച്ചിട്ട് പിന്നീട് എതിര്‍ക്കുന്നത് ശരിയല്ലല്ലോ. അങ്ങനെയെങ്കില്‍ സമ്മതിക്കാന്‍ പാടില്ലായിരുന്നു എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ