കേരളം

സംസ്ഥാനത്ത് സമ്പൂർണ വാക്സിനേഷൻ 75 ശതമാനം; മുന്നിൽ വയനാട്; വാക്സിൻ സ്വീകരിച്ചത് രണ്ട് കോടിയിലധികം പേർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്തെ സമ്പൂർണ കോവിഡ് വാക്‌സിനേഷൻ 75 ശതമാനം പൂർത്തിയായെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേർക്ക് (2,60,09,703) ആദ്യ ഡോസ് വാക്‌സിനും 75 ശതമാനം പേർക്ക് (2,00,32,229) രണ്ടാം ഡോസ് വാക്‌സിനും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,60,41,932 ഡോസ് വാക്‌സിനാണ് നൽകിയത്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്‌സിനേഷൻ 88.33 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷൻ 58.98 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് ഒമൈക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. മൂക്കും വായും മൂടത്തക്കവിധം ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും വേണം. ഇതോടൊപ്പം പ്രധാനമാണ് വാക്‌സിനേഷൻ. ഒമൈക്രോൺ സാഹചര്യത്തിൽ പ്രത്യേക കോവിഡ് വാക്‌സിനേഷൻ യജ്ഞങ്ങൾ നടന്നു വരികയാണ്. സംസ്ഥാനത്ത് 10 ലക്ഷത്തോളം ഡോസ് വാക്‌സിൻ സ്റ്റോക്കുണ്ട്.

നാല് ജില്ലകളിൽ ആദ്യ ഡോസ് നൂറ് ശതമാനം

പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയിൽ 98 ശതമാനം പേരും കോട്ടയം, കോഴിക്കോട് ജില്ലകളിൽ 97 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്. 85 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിൻ നൽകിയ വയനാട് ജില്ലയാണ് സമ്പൂർണ വാക്‌സിനേഷനിൽ മുന്നിലുള്ളത്. 83 ശതമാനം പേർക്ക് സമ്പൂർണ വാക്‌സിനേഷൻ നൽകിയ പത്തനംതിട്ട ജില്ലയാണ് തൊട്ട് പുറകിൽ. 

ആരോഗ്യ പ്രവർത്തരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിനും യഥാക്രമം 91, 93 ശതമാനം രണ്ടാം ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷൻമാരേക്കാൾ വാക്‌സിനെടുത്തത്. സ്ത്രീകൾ 2,40,42,684 ഡോസ് വാക്‌സിനും പുരുഷൻമാർ 2,19,87,271 ഡോസ് വാക്‌സിനുമാണെടുത്തത്.

കോവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താൽ മതി. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവർ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്‌സിൻ 84 ദിവസം കഴിഞ്ഞും കോവാക്‌സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. ഇനിയും വാക്‌സിനെടുക്കാത്തവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍