കേരളം

ആത്മഹത്യ ഭീഷണി മുഴക്കിയ വീട്ടമ്മയെ രക്ഷിക്കാന്‍ നാട്ടുകാരുടെ ശ്രമം; ഉദ്യോഗസ്ഥരുടെ 'ക്രൂരതയാക്കി', വ്യാജ പ്രചരണമെന്ന് കെ- റെയില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ആത്മഹത്യാ ഭീഷണി മുഴക്കിയ വീട്ടമ്മയേയും മകളേയും രക്ഷിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം കെ-റെയില്‍ ജീവനക്കാരുടെ ക്രൂരതയായി ചിത്രീകരിച്ച് വ്യാജ പ്രചാരണമെന്ന് കേരള റെയില്‍ ഡവലപ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍. കൊല്ലം ജില്ലയിലെ തഴുത്തല വില്ലേജില്‍ ഡിസംബര്‍ 20ന് നടന്ന സംഭവമാണ് കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിനും അതിന്റെ ജീവനക്കാര്‍ക്കുമെതിരെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തില്‍ പ്രചരിപ്പിക്കുന്നത്. പ്രചാരണത്തിന് എതിരെ കെ-റെയില്‍ പ്രസ്താവനയിറക്കി. 

'കെ-റെയില്‍ ഉദ്യോഗസ്ഥര്‍ നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍പ്പാതയുടെ അതരിടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ എത്തിയതായിരുന്നു. വീടിന്റെ ഉടമയായ സ്ത്രീയും മകളും കല്ലിടുന്നതിനെ എതിര്‍ത്തുവെങ്കിലും പൊലീസ് സംരക്ഷണത്തില്‍ ഉദ്യോഗസ്ഥര്‍ കല്ലിടല്‍ കര്‍മം പൂര്‍ത്തിയാക്കി.

തുടര്‍ന്ന്, തൊട്ടടുത്ത വീട്ടില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ വീട്ടുടമയും കുടുംബവും അകത്തു കടക്കാന്‍ അനുവദിച്ചില്ല. പെട്രോളൊഴിച്ചു ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ അദ്ദേഹത്തെയും കുടുംബത്തേയും പൊലീസും നാട്ടുകാരും ചേര്‍ന്നു പിന്തിരിപ്പിക്കുകയായിരുന്നു.
ഈ സമയം സ്ഥലത്തെത്തിയ ഡപ്യൂട്ടി കലക്ടറും തഹസില്‍ദാറും സ്ഥലം ഉടമകളുമായി അനുരഞ്ജന ചര്‍ച്ച നടത്തുന്നതിനിടെ, നേരത്തെ കല്ലിട്ട വീടിന്റെ ഉടമയായ സ്ത്രീയും മകളും ആത്മഹത്യാ ഭീഷണി മുഴക്കി അവരുടെ വീട്ടിലേക്ക് ഓടിക്കയറി വാതില്‍ അടച്ചു. ഏറെ പണിപ്പെട്ടാണ് പൊലീസും നാട്ടുകാരും അവരെ ആത്മഹത്യാ ശ്രമത്തില്‍നിന്നു പിന്തിരിപ്പിച്ചത്.'- കെ-റെയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

എത്ര നിര്‍ബന്ധിച്ചിട്ടും  വാതില്‍ തുറക്കാന്‍ വീട്ടുടമസ്ഥയും മകളും വിസമ്മതിച്ചപ്പോള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ നാട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളത്തിനിടെ അവര്‍ സ്വയം വാതില്‍ തുറന്നു പുറത്തുവന്നു.വാതില്‍ തുറക്കാനുള്ള നാട്ടുകാരുടെ ശ്രമമാണ് വീടിനകത്ത് കല്ലിടാന്‍ കെ-റെയില്‍ ജീവനക്കാര്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നത്.- പ്രസ്താവനയില്‍ പറയുന്നു. 

സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായുള്ള സാമൂഹിക ആഘാത പഠനം നടത്തുന്നതിനാണ് ഇപ്പോള്‍ പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങളില്‍ അതിരടയാള കല്ലിടല്‍ നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം,  കോട്ടയം, എണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കല്ലിടല്‍ നടക്കുന്നത്.

2013ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ട്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം  അനുസരിച്ച് ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍,  കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.- പ്രസ്താവനയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി