കേരളം

നടപടികള്‍ കടുപ്പിച്ച് പൊലീസ്; ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം; വാറന്റ് പ്രതികളെ അറസ്റ്റ് ചെയ്യണം; സമൂഹമാധ്യമങ്ങളും കര്‍ശന നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ കടുപ്പിച്ച് പൊലീസ്. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുന്‍പ് കേസുകളില്‍ പെട്ടവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി. വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. 

കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത് ജാമ്യത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഇവര്‍ ഉള്‍പ്പെട്ട മറ്റു കേസുകളിലും തുടര്‍ച്ചയായ പരിശോധനകള്‍ വേണം. 

പണത്തിന്റെ ഉറവിടം കണ്ടെത്തണം

സമീപകാലത്ത് കേരളത്തിലുണ്ടായ കൊലപാതകങ്ങളും അതില്‍ നേരിട്ട് പങ്കെടുത്തവരുടേയും, ആയുധം, വാഹനം ഫോണ്‍ മുതലായവ നല്‍കി സഹായം ചെയ്തവരുടേയും വിവരങ്ങള്‍ ശേഖരിക്കാനും ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം അക്രമങ്ങള്‍ക്ക് പണം നല്‍കിയവരെപ്പറ്റിയും, പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷിക്കണം. പണം നല്‍കിയവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അഡ്മിന്‍മാര്‍ക്കെതിരെ കര്‍ശന നടപടി

ആലപ്പുഴ സംഭവങ്ങള്‍ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകളും വര്‍ഗീയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഡിജിപി നിര്‍ദേശം നല്‍കി. അതത് ജില്ലാ സൈബര്‍ ക്രൈം പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തണം. വര്‍ഗീയ വിദ്വേഷം പരത്തുന്ന ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. 

എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണം

കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ജില്ലാ തലത്തില്‍ അവലോകനം നടത്തണം. ഇപ്പോള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച് എല്ലാ ആഴ്ചയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മേഖലാ ഐജിമാരും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഷാൻ വധം: മൂന്നുപേർ കൂടി കസ്റ്റഡിയിൽ ?  

അതിനിടെ, എസ്ഡിപിഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുള്ളതായി റിപ്പോര്‍ട്ടുണ്ട്. രണ്ടു തൃശൂര്‍ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. മൂന്നുപേരും ആര്‍എസ്എസ് അനുഭാവികളാണ്. തൃശൂര്‍ സ്വദേശികളാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നാണ് നിഗമനം. ഗൂഢാലോചനയിലെ പങ്ക് സംശയിച്ചാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. 

കൊലപാതകം നടന്ന് ആറ് ദിവസം കഴിയുമ്പോഴും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരു പ്രതിയെ പോലും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ മണ്ണഞ്ചേരി പൊന്നാട് കാവച്ചിറ രാജേന്ദ്ര പ്രസാദിനെയും (39) കാട്ടൂര്‍ കുളമാക്കി വെളിയില്‍ രതീഷിനെയും (കുട്ടന്‍-31) വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇതേ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ആംബുലന്‍സ് ഡ്രൈവര്‍  അഖിലിനെ (30) ഇന്നു കോടതിയില്‍ ഹാജരാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍