കേരളം

കത്തി വീശി ആക്രോശം, തലയടിച്ച് പൊട്ടിക്കൽ, ന​ഗ്നതാ പ്രദർശനം; പൊലീസിനെ സാക്ഷിയാക്കി കോട്ടയം ന​ഗരത്തിൽ മദ്യപന്റെ അഴിഞ്ഞാട്ടം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നഗര മധ്യത്തില്‍ മദ്യപന്റെ പരാക്രമം. പൊലീസിനെ സാക്ഷി നിർത്തിയായിരുന്നു ഇയാളുടെ അഴിഞ്ഞാട്ടം. തടയാനെത്തിയ ആളുടെ തല മദ്യപൻ മരക്കഷ്ണം കൊണ്ടു അടിച്ചു പൊട്ടിച്ചു. തിരുനക്കര മൈതാനത്തിന്റെ ശൗചാലയത്തോട് ചേര്‍ന്ന തെരുവില്‍ കഴിയുന്ന സ്ത്രീയും ബാബു എന്ന ആളും മദ്യപിച്ച ശേഷം വാക്കു തര്‍ക്കമുണ്ടായതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. 

സ്ത്രീയെ ബാബു ക്രൂരമായി മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച ആളുകളെ ആക്രോശിച്ചും കത്തി വീശിയും ഓടിച്ചു. നഗ്നതാ പ്രദര്‍ശനവും നടത്തി.

അതിനിടെയാണ് സ്ത്രീയുടെ ശരീരത്തില്‍ നിന്ന് പൊട്ടിയൊലിച്ച ചോര തുടക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ തല സമീപത്തു കിടന്ന മരക്കഷ്ണം കൊണ്ട് ബാബു അടിച്ചു പൊട്ടിച്ചത്. ഈ അക്രമം നടത്തുമ്പോഴും പൊലീസ് സാക്ഷിയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസ് കണ്‍ട്രോള്‍ റൂമിലും കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലും വിളിച്ച് വിവരം പറഞ്ഞിട്ടും ഏറെ സമയത്തിന് ശേഷമാണ് അക്രമം തടയാന്‍ കണ്‍ട്രോള്‍ റൂം പൊലീസ് എത്തിയതെന്ന് ആരോപണമുണ്ട്. അക്രമം തടയാനോ ഇയാളെ പിടിച്ചുകൊണ്ടുപോകാനോ പൊലീസ് ആദ്യം ശ്രമിച്ചില്ല. അര മണിക്കൂറോളം ഇവിടെ ഗതാഗത സ്തംഭനമുണ്ടായി.

വീണ്ടും ഫോണ്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പൊലീസുകാരെത്തിയത്. ബൈക്കില്‍ പൊലീസുകാര്‍ എത്തിയിട്ടും ഒരാള്‍ മാത്രമാണ് അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചത്. എന്തിനാണ് ഇതിനൊക്കെ പൊലീസിനെ വിളിക്കുന്നതെന്നായിരുന്നു വന്ന ഒരു പൊലീസുകാരന്റെ ചോദ്യം. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് അക്രമിയെ പിടിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം