കേരളം

അയ്യപ്പ ഭക്തർക്ക് ദർശന പുണ്യം; ശബരിമലയിൽ തങ്ക അങ്കി ചാർത്തി ദീപാരാധന; മണ്ഡല പൂജ നാളെ

സമകാലിക മലയാളം ഡെസ്ക്

ശബരിമല: അയ്യപ്പ ഭക്തർക്ക് ദർശന പുണ്യമായി ശബരിമലയിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടന്നു. മണ്ഡല കാല തീർഥാടനത്തിനു സമാപ്തി കുറിച്ച് നാളെയാണ് മണ്ഡല പൂജ നടക്കുക. ശരണ മന്ത്രങ്ങളുയർത്തി മല കയറിയെത്തിയ ഭക്തർ ദീപാരാധന തൊഴുത് സായൂജ്യമടഞ്ഞു. 

മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക  അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പമ്പയിൽ എത്തിച്ചേർന്നത്. വൈകീട്ട് മൂന്നിന് സന്നിധാനത്തേക്ക് തിരിച്ച തങ്ക അങ്കി ഘോഷയാത്രയ്ക്ക് അഞ്ചിന് ശരംകുത്തിയിൽ ആചാരപ്രകാരം സ്വീകരണം നൽകി. 

പതിനെട്ടാംപടി കയറി കൊടിമരത്തിനു മുന്നിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപനും ദേവസ്വം ബോർഡ് അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. സോപാനത്ത് തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി. തുടർന്ന് 6.30നായിരുന്നു ദീപാരാധന.

നാളെ ഉച്ചയ്ക്ക് 11.50-നും 1.15നും മധ്യേയുള്ള മുഹൂർത്തത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടക്കും. ശേഷം നടയടയ്ക്കും. വൈകീട്ട് നാലിന് നട തുറക്കും. 6.30-ന് ദീപാരാധന. തുടർന്ന് പടിപൂജ. അത്താഴ പൂജയ്ക്ക് ശേഷം രാത്രി 9.50ന് ഹരിവരാസനം പാടി 10ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടു നിന്ന ശബരിമല മണ്ഡലകാല ഉത്സവ തീർഥാടനത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഈ മാസം 30ന് വൈകീട്ട് അഞ്ചിന് ക്ഷേത്രനട തുറക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍