കേരളം

'ഫാന്‍സ് ക്ലബ്ബ് അല്ല; പ്രവര്‍ത്തകര്‍ അണിനിരക്കേണ്ടത് പാര്‍ട്ടിക്ക് കീഴില്‍'; സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: പാര്‍ട്ടി ഫാന്‍സ് ക്ലബ് അല്ലെന്ന് ഓര്‍മ്മിപ്പിച്ച് മലപ്പുറം ജില്ലാ സമ്മേളനത്തില്‍ സിപിഎം സംഘടനാ റിപ്പോര്‍ട്ട്. വ്യക്തികള്‍ക്ക് പിറകെയല്ല, പാര്‍ട്ടിക്ക് കീഴിലാണ് പ്രവര്‍ത്തകര്‍ അണിനിരക്കേണ്ടതെന്ന്, പൊന്നാനി പ്രതിഷേധത്തിലെ തിരുത്തല്‍ നടപടികളെ ന്യായീകരിച്ച് നേതൃത്വം ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കാതെ പ്രവര്‍ത്തകര്‍ പൊന്നാനിയില്‍ പരസ്യപ്രതിഷേധം നടത്തിയിരുന്നു. 

ഇതിനെയാണ് ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിച്ചത്. സംഭവത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി എം സിദ്ധിഖിനെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. പാര്‍ട്ടി നടപടി തിരുത്തലിന്റെ ഭാഗമാണെന്ന് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു. 

അച്ചടക്ക നടപടി സന്ദേശമാണ്. പാര്‍ട്ടിയില്‍ സംഘടനാപരമായും രാഷ്ട്രീയമായും വ്യതിചലിച്ചാല്‍, ആരായലും നേതാക്കന്മാരായാലും നടപടി ഉണ്ടാകുമെന്ന സന്ദേശമാണിത്. ഇത്തരം പ്രവണതകള്‍ ഒന്നോ രണ്ടോ വ്യക്തികളില്‍ മാത്രം ഒതുങ്ങുന്നതല്ല. പാര്‍ട്ടിയുടെ പുറകിലാണ് പ്രവര്‍ത്തകര്‍ അണിനിരക്കേണ്ടത്. പാര്‍ട്ടി ഒരു ഫാന്‍സ് അസോസിയേഷനല്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. 

പെരിന്തല്‍മണ്ണയിലെ തോല്‍വിക്ക് കാരണം സിപിഎമ്മിലെ പ്രാദേശിക സംഘടനാ ദൗര്‍ബല്യമാണെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ജയിക്കുമായിരുന്ന സീറ്റാണ് പെരിന്തല്‍മണ്ണ. പക്ഷെ സംഘടനാ ദൗര്‍ബല്യം കൊണ്ട് നിസ്സാര വോട്ടിന് നഷ്ടപ്പെടുന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയാണ് ഉണ്ടായതെന്നും സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു. ജില്ലാ സമ്മേളനം ഇന്നും തുടരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി