കേരളം

കിഫ്ബി എന്താണ്?; സംസ്ഥാന ബജറ്റില്‍ എല്ലാം നല്‍കുന്നത് ഒറ്റ സ്ഥാപനത്തിന്; വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് രൂപം നല്‍കിയ കിഫ്ബി ഏതുതരത്തിലുള്ള സ്ഥാപനമാണ് എന്ന് ചോദിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റില്‍ തുക മുഴുവന്‍ ഒരു സ്ഥാപനത്തിലേക്ക് മാത്രം നീക്കിവെയ്ക്കുന്നു. കേന്ദ്രത്തിലും ബജറ്റ് അവതരിപ്പിക്കുന്നുണ്ട്. അവിടെ തുക മുഴുവനും ഒരു സ്ഥാപനത്തിലേയ്ക്ക് അല്ല നീക്കിവെയ്ക്കുന്നത്. ഏത് തരത്തിലുള്ള ബജറ്റ് അവതരണമാണ് ഇവിടെ നടക്കുന്നത്എന്ന് അറിയില്ലെന്നും നിര്‍മല  സീതാരാമന്‍ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍.

സിഎജി വരെ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയുണ്ടായി. ഈ രീതിയിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കില്‍ കേരളം മരണക്കെണിയിലേക്ക് നീങ്ങുമെന്ന് നിര്‍മല  സീതാരാമന്‍ മുന്നറിയിപ്പ് നല്‍കി. ഇഎംസിസി കരാര്‍, പിഎസ് സി നിയമനം എന്നിവയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ ഉദാഹരണങ്ങളാണെന്ന് നിര്‍മല  സീതാരാമന്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ അറിയാതെയാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു സ്ഥാപനവുമായി കേരള സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതെന്ന് ഇഎംസിസി കരാറിനെ സൂചിപ്പിച്ച് നിര്‍മല സീതാരാമന്‍ പറഞ്ഞു

ബിജെപിക്ക് കേരളത്തില്‍നിന്ന് ഒരു എംപിപോലും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് ഒരു വിവേചനവും കാട്ടിയിട്ടില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. കേരളത്തിനായി കേന്ദ്രം നിരവധി കാര്യങ്ങള്‍ ചെയ്തെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍നിന്ന് ഒരു എംപിപോലും ബിജെപിക്ക് ഇല്ല. എന്നാല്‍ മോദിജി വിവേചനം കാണിച്ചില്ല. ഇവിടെനിന്ന് ഒരും എംപിയുമില്ല, പിന്നെന്തിന് കേരളത്തെ പരിഗണിക്കണം എന്ന് മോദിജി ചോദിച്ചില്ല. എല്ലാ സംസ്ഥാനങ്ങളും മുന്നേറണം എന്നാണ് മോദിജി ആഗ്രഹിക്കുന്നത് -  നിര്‍മല സീതാരാമന്‍ പറഞ്ഞു.

പാല്‍ലമെന്റില്‍ ബിജെപിയുടെ പ്രതിനിധികള്‍ ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനുവേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു. കേരളത്തിലെ ദേശീയ പാതയ്ക്ക് സര്‍ക്കാര്‍ നീക്കിവെച്ചത് 65000 കോടി രൂപയാണ്. കൊച്ചി മെട്രോയ്ക്ക് 1957 കോടി രൂപ കൊടുത്തു. 5070 കോടി രൂപയാണ് പുഗല്ലൂര്‍-തൃശ്ശൂര്‍ ട്രാന്‍സ്മിഷന്‍ പ്രോജക്ടിനായി നല്‍കിയത്. കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട്, അരുവിക്കര വാട്ടര്‍ ട്രീറ്റ്മെന്റ് എന്നിവയെല്ലാം അടക്കമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

47 വര്‍ഷം മുന്‍പ് നിര്‍മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസ് ഇപ്പോഴാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 47 വര്‍ഷമായിട്ടും എല്‍ഡിഎഫിനോ യുഡിഎഫിനോ അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''