കേരളം

ഇത്  തിരുവനന്തപുരം എന്ന ബ്രാന്‍ഡിനെ തകര്‍ക്കും; നാലിടങ്ങളില്‍ ഐഎഫ്എഫ്‌കെ നടത്താനുള്ള തീരൂമാനത്തിന് എതിരെ കെ എസ് ശബരീനാഥന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള നാലിടങ്ങളില്‍ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ കെ എസ് ശബരീനാഥന്‍ എംഎല്‍എ. 25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് വളര്‍ത്തിയെടുത്ത തിരുവനന്തപുരം എന്ന ബ്രാന്‍ഡിനെ  ഈ തീരുമാനം തകര്‍ക്കും എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

'ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍, വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പിന്നെ കാന്‍സ് ഫിലിം ഫെസ്റ്റിവലാണ്.  ഈ ഫെസ്റ്റിവലുകളുടെ ഐഡന്റിറ്റി ഈ മൂന്നു നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന് സിനിമാസ്വാദകര്‍ക്ക് ഈ നഗരങ്ങള്‍  സുപരിചിതമാണ്.1996ല്‍ തുടങ്ങിയ ഐഎഫ്എഫ്‌കെയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാഭൂപടത്തില്‍ ഒരു പ്രഥമസ്ഥാനമുണ്ട്. തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് ഐഎഫ്എഫ്‌കെയുടെ വിജയത്തിന്റെ പ്രധാന  അടിത്തറ.

ഒരു തീര്‍ഥാടനം പോലെ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാര്‍ക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചിയിലേക്ക് ബിനാലെക്ക് വരുന്നവര്‍ക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം.

സര്‍ക്കാര്‍ ഈ  വര്‍ഷം മുതല്‍ ഐഎഫ്എഫ്‌കെ പൂര്‍ണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം  നാല് ജില്ലകളില്‍ ഭാഗികമായി   നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. 25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മള്‍  വളര്‍ത്തിയെടുത്ത 'തിരുവനന്തപുരം' എന്ന ബ്രാന്‍ഡിനെ  ഈ തീരുമാനം തകര്‍ക്കും. ഭാവിയില്‍ ഐഎഫ്എഫ്‌കെ അപ്രസക്തമാക്കുന്ന രീതിയിലേക്ക്  കാര്യങ്ങള്‍ മുന്നോട്ടുപോകും.
സര്‍ക്കാര്‍ ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.'- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

നാല് ഘട്ടമായി നാല് സ്ഥലങ്ങളില്‍ ചലച്ചിത്ര മേള നടത്തനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പുതിയ രീതിയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞിരുന്നു. ഫെബ്രുവരി പത്തുമുതല്‍ പതിനാലുവരെ തിരുവനന്തപുരം, 17മുതല്‍ 21വരെ എറണാകുളം, 23മുതല്‍ 27വരെ തലശ്ശേരി, മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെ പാലക്കാട് എന്നിങ്ങനെയാണ് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നത്. പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ ചലച്ചിത്ര മേളയുടെ സ്ഥിരം വേദിയായ തിരുവനന്തപുരം മാറ്റരുത് എന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് വെച്ചുതന്നെ ചലച്ചിത്ര മേള നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍