കേരളം

വി ഫോര്‍ കൊച്ചി കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ആള്‍ക്കൂട്ടം ; കെമാല്‍ പാഷയോട് സഹതാപം ; വൈറ്റില പാലം ഉദ്ഘാടന വേദിയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഉദ്ഘാടനത്തിന് മുമ്പേ മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചിയേയും, അവരെ പിന്തുണച്ച് രംഗത്തുവന്ന റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയേയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രണ ഘട്ടത്തിലോ പ്രതിസന്ധി ഘട്ടത്തിലോ ഇവരെ കാണാനായില്ല. ഫണ്ടില്ലാതെ പദ്ധതി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഇവരുടെ ആത്മരോഷം ഉണര്‍ന്നതായി കണ്ടില്ല. മേല്‍പ്പാലം സമയബന്ധിതമായി സുരക്ഷ ഉറപ്പാക്കി നാടിന് സമര്‍പ്പിക്കുമ്പോള്‍ അത് ചെയ്യുന്ന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുന്നത് അസ്വസ്ഥപ്പെടുത്തുന്ന ചിലരുണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൊട്ടടുത്ത് നിര്‍മ്മിച്ച മറ്റൊരു പാലത്തിന് അഴിമതിയുടെ ഫലമായി ബലക്കുറവ് അനുഭവപ്പെട്ടു എന്ന് വെളിവായപ്പോഴും ഇവരെ എവിടെയും കണ്ടില്ല. മുടങ്ങിക്കിടന്ന പദ്ധതി പ്രതിസന്ധികള്‍ തരണം ചെയ്ത് പൂര്‍ത്തീകരിച്ചപ്പോള്‍ കുത്തിത്തിരിപ്പുമായി ഇവര്‍ പ്രത്യക്ഷപ്പെടുന്നതാണ് നാട് കണ്ടത്. വി ഫോര്‍ കൊച്ചി കേവലം ആള്‍ക്കൂട്ടം മാത്രമാണ്. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അതുവഴി പ്രശസ്തി നേടുകയെന്ന തന്ത്രമാണ് ഇവരുടേത്. ഇവര്‍ ജനാധിപത്യ വാദികളെന്ന് നടിക്കുന്നതിലെ കുബുദ്ധി ജനങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. 

നീതിപീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചവരൊക്കെ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കാനൊരുങ്ങിയാലോ ഉത്തരവാദിത്തമില്ലാതെ പ്രതികരിച്ചാലോ സഹതപിക്കുക മാത്രമേ നിര്‍വാഹമുള്ളൂ പ്രോത്സാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്നു ചിന്തിക്കാനുള്ള വിവേകം അവര്‍ക്കുണ്ടാകട്ടെ. സര്‍ക്കാര്‍ അടിയന്തര പ്രധാന്യത്തോടെ കാണുന്ന വിഷയം നാടിന്റെ വികസനം എന്നതാണ്. വികസനം സാധ്യമാക്കണമെങ്കില്‍ അടിസ്ഥാന സൗകര്യം ഉണ്ടായേ തീരു. എറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യം റോഡുകളും പാലങ്ങളുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഓണ്‍ലൈനായാണ് മുഖ്യമന്ത്രി വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഫ്‌ലൈ ഓവര്‍ കൊച്ചി നഗരത്തിന്റെ ഗതാഗതസൗകര്യത്തിന് മുതല്‍കൂട്ടാകുമെന്നതില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമയബന്ധിതമായി പാലം പണി പൂര്‍ത്തീകരിച്ച പൊതുമരാമത്തു വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മന്ത്രിമാരായ ജി സുധാകരന്‍, തോമസ് ഐസക്ക്, മേയര്‍ എം അനില്‍കുമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 720 മീറ്റര്‍ നീളമാണ് വൈറ്റില മേല്‍പ്പാലത്തിന് ഉള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ