കേരളം

കുട്ടികൾക്ക് പന്തെടുത്ത് കൊടുക്കാൻ പുഴയിൽ ഇറങ്ങി; ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോയി; ഡി​ഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പുഴയിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. കരുവൻതിരുത്തി വേട്ടുവൻതൊടി അബ്ദുൾ ഗഫൂറിന്റെ മകൻ മുർഷിദ് (18) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ചാലിയാറിന്റെ കൈവഴിയായ ഓലശ്ശേരി കടവിലാണ് മുർഷിദ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഫാറൂഖ് കോളജിലെ ഡിഗ്രി വിദ്യാർഥിയാണ്.

കരുവൻതിരുത്തി ഓലശ്ശേരി കടവിനു സമീപം തിങ്കളാഴ്ച വൈകീട്ട് കുട്ടികൾ പന്തു കളിച്ചുകൊണ്ടിരിക്കെ പന്ത് പുഴയിൽ വീണു. അതുവഴി പോകുകയായിരുന്ന മുർഷിദ് അവർക്ക് പന്തെടുത്തുകൊടുക്കാൻ പുഴയിൽ ഇറങ്ങി. അതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് മുർഷിദ് മുങ്ങിപ്പോകുകയായിരുന്നു. മീഞ്ചന്ത ഫയർഫോഴ്‌സും നാട്ടുകാരും കോസ്റ്റ് ഗാർഡും ഫറോക്ക് പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി 8.15-ഓടെ മൃതദേഹം പുഴയിൽ നിന്ന് ലഭിച്ചു.

കുട്ടികൾക്ക് അപകടം പിണയരുതെന്ന് കരുതിയാണ് മുർഷിദ് പന്തെടുത്ത് കൊടുക്കാൻ പുഴയിലേക്ക് ഇറങ്ങിയത്. എന്നാൽ, പുഴയിലെ ശക്തമായ ഒഴുക്കിൽ മുർഷിദ് അകപ്പെടുകയായിരുന്നു. പുഴയോരത്ത് നിന്നിരുന്ന കുട്ടികൾ മുർഷിദ് ആഴങ്ങളിലേയ്ക്ക് പോവുന്നതു കണ്ട് അലറി വിളിച്ചു.

കുട്ടികളുടെ നിലവിളി കേട്ട് തോണിയുമായി എത്തിയ മത്സ്യത്തൊഴിലാളി രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും മുർഷിദ് മുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തി. ചൊവ്വാഴ്ച രാവിലെ ഫറോക്ക് പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. ഫാറൂഖ് കോളേജ് ബി വോക് ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ് മുർഷിദ്.

മാതാവ്: സലീന. സഹോദരങ്ങൾ: മുബഷിർ, അബ്ദുൾ ഫത്താഹ്, നബുഹാൻ, മുഫീദ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു