കേരളം

തോമസ് ഐസക്ക് നിയമസഭയെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചു, രാഷ്ട്രീയനിറം കലര്‍ത്തി സിഎജിയെ അപമാനിക്കാന്‍ ശ്രമം : വി ഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് വി ഡി സതീശന്‍. കിഫ്ബി സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകളും ഉത്കണ്ഠകളുമാണ് സിഎജി റിപ്പോര്‍ട്ടിലുമുള്ളത്. ഇത് മനസ്സിലാക്കിയതുകൊണ്ടാണ്, നിങ്ങള്‍ ആഗ്രഹിച്ചതുപോലെ സിഎജിയെക്കൊണ്ട് എഴുതിച്ചു എന്ന തരത്തിലുള്ള വ്യംഗ്യാര്‍ത്ഥത്തില്‍ ധനമന്ത്രി പറഞ്ഞതെന്ന് സഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് സതീശന്‍ ആരോപിച്ചു.

കിഫ്ബിയെ സിഎജി വിമര്‍ശിച്ചു എന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ കിഫ്ബിയെ അല്ല ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് സിഎജി വിമര്‍ശിക്കുന്നത്. ഓഡിറ്റ് പരിശോധിക്കാന്‍ സിഎജിക്ക് ഭരണഘടനാ അധികാരമില്ലെന്ന് ഇടതുനേതാക്കള്‍ പറയുന്നത് കേട്ട് ആളുകള്‍ മൂക്കത്ത് വിരല്‍ വെക്കുന്ന സ്ഥിതിയാണ്. 

ഭരണഘടനയുടെ 293-ാം വകുപ്പിനെ കിഫ്ബി മറികടന്നു എന്നാണ് സിഎജി വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് പുറത്തു നിന്നും വായ്പ എടുക്കാന്‍ അധികാരമില്ലെന്നാണ് സിഎജി വ്യക്തമാക്കുന്നത്. ഭരണഘടനയുടെ ആ പ്രോവിഷനു മുകളില്‍ ഒരു നിയമവും നില്‍ക്കില്ല. ഇത് ലംഘിച്ചാണ് വിദേശത്തുപോയി മസാല ബോണ്ട് വിറ്റ് വായ്പ വാങ്ങിയത്. 

തന്ത്രപൂര്‍വം രാഷ്ട്രീയനിറം കലര്‍ത്തി സിഎജിയെ അപമാനിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. കിഫ്ബിക്ക് തങ്ങളുടെ വാദം വ്യക്തമാക്കാന്‍ സിഎജി അവസരം നല്‍കിയില്ലെന്ന വാദം നിരര്‍ത്ഥകമാണ്. എക്‌സിറ്റ് മീറ്റിങ് മിനുട്ട്‌സ് സിഎജി നല്‍കിയിട്ടും കിട്ടിയില്ലെന്ന് മന്ത്രി കള്ളം പറഞ്ഞു. മിനുട്ട്‌സ് കിട്ടിയില്ലെന്ന് പറഞ്ഞ് ഗവര്‍ണറെയും നിയമസഭയെയും തെറ്റിദ്ധരിപ്പിച്ചു എന്നും വി ഡി സതീശന്‍ ആരോപിച്ചു. 

ധനമന്ത്രി സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയത് വിവാദം ആകുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് ആദ്യം തന്നെ ആക്രമണത്തിന് മുതിര്‍ന്നത്. തന്ത്രപൂര്‍വം രാഷ്ട്രീയ വിഷയമാക്കി മാറ്റാനും, കെടുകാര്യസ്ഥതയെ മറയിടാനുമാണ് സിഎജി പോലുള്ള ഭരണഘടനാ സ്ഥാപനത്തെ മോശമാക്കുന്നത്. തെറ്റിദ്ധരിപ്പിക്കാന്‍ ധനമന്ത്രി മിടുക്കനാണെന്നും സതീശന്‍ പറഞ്ഞു. 

കിഫ്ബിയില്‍ സര്‍ക്കാരിനെതിരെ ഭീമന്‍ ഗൂഢാലോചന നടന്നുവെന്ന് സിപിഎം എംഎല്‍എ ജെയിംസ് മാത്യു ആരോപിച്ചു. കോണ്‍ഗ്രസ്- ആര്‍എസ്എസ് ഗുഢാലോചന നടന്നു. കിഫ്ബിക്കെതിരെ ആദ്യം പരാതി നല്‍കിയത് ആര്‍എസ്എസ് അനുഭാവിയെന്നും ജെയിംസ് മാത്യു പറഞ്ഞു. സര്‍ക്കാര്‍ ഭരണഘടനാലംഘനം നടത്തിയിട്ടില്ല. സര്‍ക്കാരിനാണ് ആര്‍ട്ടിക്കിള്‍ 293 ബാധകമായിട്ടുള്ളത്. കോര്‍പ്പറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ഇത് ബാധകമല്ലെന്നും ജെയിംസ് മാത്യു പറഞ്ഞു. 

വി ഡി സതീശനാണോ ഭരണഘടനാ പ്രശ്‌നത്തിന്റെ അന്തിമ വാക്കെന്നും ജെയിംസ് മാത്യു പരിഹസിച്ചു. എല്ലാ ദിവസവും സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് മൂലക്കിരുത്തിയെന്നും ജെയിംസ് മാത്യു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍