കേരളം

സ്പീക്കര്‍ക്കെതിരായ പ്രമേയം നിയമസഭ തള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം നിയമസഭ തള്ളി. സ്പീക്കറുടെ മറുപടിക്ക് ശേഷം പ്രമേയം സഭ തള്ളുകയായിരുന്നു. സ്പീക്കര്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മറുപടി പറഞ്ഞു. സര്‍ക്കാരിനെ അടിക്കാന്‍ വഴിയില്ലാത്തതുകൊണ്ട് സ്പീക്കറെ ആക്രമിക്കുന്നു. രമേശ് ചെന്നിത്തല കെഎസ് യു നേതാവില്‍ നിന്നും വളര്‍ന്നിട്ടില്ല. 

ആരോപണങ്ങള്‍ യുക്തിരഹിതമാണ്. വാര്‍ത്തകളുടെ പിന്നാലെ പോയി പ്രതികരിക്കേണ്ട ആവശ്യമില്ല. അഴിമതി ആരോപണങ്ങള്‍ തെളിയിച്ചാല്‍ പണി നിര്‍ത്തും. സത്യവിശ്വാസികളെ നിങ്ങള്‍ ഊഹാപോഹങ്ങളെ പിന്തുടരുത്. അത് കുറ്റമാണ് എന്ന് ഖുര്‍ആന്‍ ഉദ്ധരിച്ച് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

സ്പീക്കറെ പുകമറയില്‍ നിര്‍ത്താനുള്ള ഗൂഢശ്രമം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അന്വേഷണ ഏജന്‍സികള്‍ വഴി വിട്ട് പ്രവര്‍ത്തിച്ചു. ഇത് തീര്‍ത്തും തെറ്റായ വഴിയാണ്. അതിന് പ്രതിപക്ഷം കൂട്ടുനില്‍ക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമായ അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കസ്റ്റംസിനും പ്രതിപക്ഷത്തിനും ഒ രാജഗോപാലിനും ഒരേ സ്വരമാണ്. സ്വര്‍ണക്കടത്ത് എവിടെ നിന്ന് തുടങ്ങി, എവിടെയൊക്കെ എത്തി, ആരൊക്കെ ഉത്തരവാദികള്‍ എന്ന് കണ്ടെത്തണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തു നല്‍കിയത്.  സ്പീക്കറെ മാറ്റാനുള്ള പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിയമസഭയുടെ അന്തസ്സ് ഇടിച്ചുത്താഴ്ത്തിയ ആദ്യത്തെ സ്പീക്കറായിട്ടാകും പി ശ്രീരാമകൃഷ്ണന്റെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കറുടെ കസേരയിലിരിക്കാന്‍ ശ്രീരാമകൃഷ്ണന് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. 

കഴിഞ്ഞ നിയമസഭയില്‍ സ്പീക്കറുടെ ഇരിപ്പിടം വലിച്ചെറിഞ്ഞ സംഘത്തിലെ അംഗമല്ലേ അങ്ങ്? സ്പീക്കര്‍ പദവിയുടെ മഹത്വം തിരിച്ചറിഞ്ഞ ആര്‍ക്കും അത് ചെയ്യാന്‍ പറ്റില്ല. ഈ നിയമസഭയില്‍ തന്നെ സ്പീക്കറായി പരിഗണിക്കാന്‍ പാടില്ലെന്ന് അങ്ങ് സ്വയം പറയണമായിരുന്നു. സ്പീക്കറുടെ കസേര എടുത്തെറിഞ്ഞ ആള്‍ക്ക് ആ കസേരയില്‍ ഇരുന്ന് അംഗങ്ങളെ നിയന്ത്രിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്.

നേരത്തെ അച്ചടക്കലംഘനത്തിന് ശിക്ഷിക്കപ്പെട്ടയാളാണ് പി ശ്രീരാമകൃഷ്ണന്‍. 2012-ല്‍ അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. ഇത്തരം വ്യക്തി ആ സ്ഥാനത്തിരുന്നാല്‍ ഇതിനെക്കാളൊന്നും പ്രതീക്ഷിക്കേണ്ട. കേരള ചരിത്രത്തില്‍ ഏതെങ്കിലും ഒരു സ്പീക്കറെ ബന്ധപ്പെടുത്തി കള്ളക്കടത്ത് വാര്‍ത്തകള്‍ വന്നിട്ടുണ്ടോ?  സ്വപ്‌ന സുരേഷുമായി സ്പീക്കര്‍ക്ക് എന്താണ് ബന്ധം? യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയെന്ന നിലയില്‍ അറിയാമെന്നാണ് അദ്ദേഹം പറഞ്ഞത്. സി ദിവാകരന്റെ മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങില്‍ എന്തുകൊണ്ട് ദിവാകരന്‍ പങ്കെടുത്തില്ല? വിവാദങ്ങളുണ്ടാകുമെന്നതിനാലാണ് ദിവാകരന്‍ പങ്കെടുക്കാതിരിക്കുന്നത്. 

സ്വര്‍ണക്കള്ളക്കടത്തുകാരുമായുള്ള സ്പീക്കറുടെ സൗഹൃദം സഭയെ കളങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് പോലും നിഷേധിക്കാനാവില്ല. സ്പീക്കറുടെ പദവിയിലിരുന്ന് യോഗ്യതയില്ലാത്ത കാര്യങ്ങള്‍ ചെയ്തതിനാണ് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കണമെന്ന പ്രമേയം കൊണ്ടുവന്നത് എന്നും ചെന്നിത്തല പറഞ്ഞു. മുസ്ലിം ലീ​ഗിലെ എം ഉമ്മറാണ് സഭയിൽ സ്പീക്കർക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം