കേരളം

'കുട്ടിയെ വിട്ടുകൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്‌ഐ പറഞ്ഞു, പീഡനക്കേസ് കെട്ടിച്ചമച്ചത് പൊലീസും ഭര്‍ത്താവും ചേര്‍ന്ന്': കടയ്ക്കാവൂര്‍ കേസില്‍ യുവതി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മകനെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണം നേരിട്ട അമ്മ. മകനെ പീഡിപ്പിച്ചെന്ന പരാതിയുടെ ഉറവിടത്തെ കുറിച്ച് വിശദമായ അന്വേഷണം വേണം. കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ മകനെ തെറ്റുകാരനായി ചിത്രീകരിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഭര്‍ത്താവിന്റെയും മറ്റുള്ളവരുടെയും പ്രേരണയിലാണ് കുട്ടി അങ്ങനെ പറഞ്ഞത്. അതിനാല്‍ പരാതിയുടെ ഉറവിടത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

പതിമൂന്നുകാരനെ ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന വ്യാജ ആരോപണമാണ് അമ്മയ്‌ക്കെതിരെ ഉയര്‍ന്നത്. പരാതിയില്‍ അറസ്റ്റിലായ യുവതി 30 ദിവസത്തോളം ജയിലില്‍ കിടന്നു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് യുവതിക്ക് മോചനം ലഭിച്ചത്. തുടര്‍ന്ന് ആരോപണം നേരിട്ട കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കുട്ടിയുടെ മൊഴിയല്ലാതെ അമ്മയ്‌ക്കെതിരെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ഇല്ലെന്നാണ് അന്വേഷണ സംഘം പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയോട് ശുപാര്‍ശ ചെയ്തു. കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. കുറ്റകൃത്യം നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തന്റെ നിരപരാധിത്വം തെളിഞ്ഞതില്‍ സന്തോഷം ഉണ്ടെന്ന് പറഞ്ഞ യുവതി, റിപ്പോര്‍ട്ടില്‍ കുട്ടിയെ തെറ്റുകാരനായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ പിതാവും മറ്റും പ്രേരിപ്പിച്ചത് കൊണ്ടാണ് കുട്ടി തെറ്റായ രീതിയില്‍ മൊഴി നല്‍കിയത്. പരാതിയുടെ ഉറവിടത്തെ കുറിച്ച് വിശദമായ അന്വേഷണം വേണം. പിന്നില്‍ പ്രവര്‍ത്തിച്ചവരെ അന്വേഷണത്തില്‍ പുറത്തുകൊണ്ടുവന്നിട്ടില്ല. കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് മോശം പെരുമാറ്റമാണ് തനിക്കുണ്ടായത്. പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സ്വാധീനഫലമായി തെറ്റായ രീതിയിലാണ് കടയ്ക്കാവൂര്‍ പൊലീസ് പ്രവര്‍ത്തിച്ചത്. ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.

'പിന്നില്‍ പ്രവര്‍ത്തിച്ചവരെ ആരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. പതിമൂന്ന് വയസുകാരന്‍ ഇത്രയും കഥകള്‍ പറയുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഞാന്‍ നാലുമക്കളെ പ്രസവിച്ചതാണ്. ഭര്‍ത്താവും എസ്‌ഐയും ചേര്‍ന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.മൂന്നാമത്തെ കുട്ടിയെ പലരീതിയില്‍ തിരിച്ചുകൊണ്ടുപോകാന്‍ നോക്കിയിരുന്നു. സ്വന്തം ഇഷ്ടത്തിലാണ് അവന്‍ എന്റെ കൂടെ നിന്നത്. അവനെ തിരിച്ചുകിട്ടാത്തതിലുള്ള ദേഷ്യത്തിലാണ് ഇതുമുഴുവനും ചെയ്തത്. കുട്ടിയെ വിട്ടുകൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്‌ഐ പറഞ്ഞിരുന്നു'- കുട്ടിയുടെ അമ്മ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി