കേരളം

മലബാര്‍ കലാപം വിപരീത ഫലമുണ്ടാക്കിയ ദുരന്തം, മുസ്ലിംകളെ നൂറുകൊല്ലം പിന്നോട്ടടിച്ചു: സമസ്ത

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മലബാര്‍ കലാപം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും അതു സംസ്ഥാനത്തെ മുസ്ലിംകളെ നൂറു വര്‍ഷമെങ്കിലും പിന്നോട്ടടിച്ചെന്നും സുന്നി പണ്ഡിതസഭയായ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ. ഇക്കാര്യം വിശദീകരിച്ചുകൊണ്ട്, മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്‌കെഎസ്എസ്എഫ്) പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മലബാര്‍ കലാപം കേരളത്തിലെ മുസ്ലിംകളെ സംബന്ധിച്ച് ദുരന്തമാണെന്ന്, സംഘടനയുടെ മുഖപത്രമായ സത്യധാരയുടെ എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി പറഞ്ഞു. അതു കേരളത്തിലെ മുസ്ലികളെ നൂറു കൊല്ലം പിന്നോട്ടു തള്ളി. ഇതു സുന്നികളുടെ മാത്രം അഭിപ്രായമല്ല. മുജാഹിദ് നേതാവ് ഉമര്‍ മൗലവിയെപ്പോലുള്ളവര്‍ ഇതേ നിലപാടു മുന്നോട്ടുവച്ചിട്ടുണ്ടെന്ന് ഫൈസി പറഞ്ഞു.

പാങ്ങില്‍ അഹമ്മദ് കുട്ടി മുസലിയാര്‍, അലി മുസലിയാര്‍, കെഎം മൗലവി എന്നിവരാണ് കലാപത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന പണ്ഡിതര്‍. പിടികൂടേണ്ടവരുടെ പട്ടികയില്‍ മുന്‍നിരയില്‍ ആയിരുന്നു പാങ്ങിലിന്റെ പേര്. എന്നാല്‍ കലാപത്തിനിടയില്‍ തന്നെ അതിന്റെ നിരര്‍ഥകത അദ്ദേഹം തിരിച്ചറിഞ്ഞു. 

അലി മുസലിയാര്‍ തുടക്കത്തില്‍ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. അതുകൊണ്ട് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പുനര്‍വിചാരത്തിനുള്ള അവസരം ലഭിച്ചില്ല. കെഎം മൗലവി കലാപത്തിനിടെ കൊടുങ്ങല്ലൂരിലേക്കു രക്ഷപ്പെട്ടു. പിന്നീട് ജീവിതകാലത്തുടനീളം അദ്ദേഹം കലാപത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല- ഫൈസി ചൂണ്ടിക്കാട്ടി.

ഒരു ഭരണകൂടത്തിനെതിരെയും സായുധകലാപം പാടില്ല എന്ന ഇസ്ലാമിക കാഴ്ചപ്പാടാണ് ഇക്കാര്യത്തില്‍ സമസ്തയുടേത്. ജനാധിപത്യപരമായി എതിര്‍പ്പുയര്‍ത്തുന്നതിന് അതു തടസ്സമാവുന്നില്ല. കലാപ നേതാക്കളുടെ ആത്മാര്‍ഥതയില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അവരുടെ വഴി വിനാശകരമായിരുന്നു. മുസ്ലിം ലീഗ് കലാപത്തെക്കുറിച്ച് ഒരു വാക്കും പറഞ്ഞിട്ടില്ലെന്നും ഫൈസി വിമര്‍ശിച്ചു.

കലാപത്തെക്കുറിച്ച് സമസ്തയുടേത് പാങ്ങില്‍ അഹമ്മദ്കുട്ടി മുസലിയാരുടെ അതേ നിലപാടാണെന്ന് എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്താളൂര്‍ പറഞ്ഞു. തുടക്കത്തില്‍ കലാപത്തിന്റെ നേതാവായിരുന്ന പാങ്ങില്‍ അപകടം തിരിച്ചറിഞ്ഞ് പിന്‍വാങ്ങുകയായിരുന്നു. സമുദായത്തെ കലാപത്തിലേക്കു തള്ളിവിട്ടതിന് അദ്ദേഹം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെന്ന് സത്താര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ