കേരളം

സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കരുത് ;  ഒരാളുടെ ആനുകൂല്യവും നഷ്ടപ്പെടുന്നില്ലെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കരുതെന്ന് സിപിഎം. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ആരും നടത്തരുതെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ആവശ്യപ്പെട്ടു. ഒരാളുടെ ആനുകൂല്യവും നഷ്ടപ്പെടുന്നില്ല. എത്ര സ്‌കോളര്‍ഷിപ്പാണോ കൊടുത്തുപോരുന്നത് ആ സ്‌കോളര്‍ഷിപ്പുകള്‍ കൊടുക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. 

നിലവില്‍ വരുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം ഒരു സമുദായത്തിനും കുറയുന്നില്ല. അധികമായി വരുന്ന ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന തരത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു. ശരിയായ നിലയില്‍ ചര്‍ച്ച ചെയ്താണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ തീരുമാനത്തെ എല്ലാ വിഭാഗം ആളുകളും സ്വാഗതം ചെയ്തിരിക്കുകയാണ്. സര്‍ക്കാരിന്റെ ജനാധിപത്യ സമീപനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞതെന്ന് വിജയരാഘവന്‍ പറഞ്ഞു.  

യുഡിഎഫിന് അകത്ത് മുസ്ലിം ലീഗാണ് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത്. വിഷയത്തെ മറ്റൊരു തരത്തില്‍ തിരിച്ചുവിടാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ട തരത്തിലുള്ള പ്രസ്താവനകളാണ് ഉണ്ടാകുന്നത്. സര്‍ക്കാര്‍ സ്വീകരിച്ച ശരിയായ തീരുമാനത്തിന് പൊതുവായ പിന്തുണ നല്‍കലാണ് ഇപ്പോള്‍ വേണ്ടത്. 

കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ആര്‍ക്കും നഷ്ടമാകുന്നില്ല. പുതുതായി കൊടുക്കേണ്ടി വരുന്നതിനാണ് സര്‍ക്കാര്‍ കൂടുതല്‍ വിഭവം കണ്ടെത്തി കൊടുക്കാന്‍ സന്നദ്ധമാകുന്നത്.  കോടതി വിധിയുമായി ബന്ധപ്പെട്ട് മറ്റൊരു സാഹചര്യം ഉടലെടുത്തപ്പോള്‍ എല്ലാവരുമായി കൂടിയാലോചിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. അതുകൊണ്ടു തന്നെ മുസ്ലിം ലീഗ് ഉന്നയിക്കുന്ന വാദത്തിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ലെന്ന് വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. 

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഭിന്നതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടിക്ക് ആഗ്രഹം പ്രകടിപ്പിക്കാം. ആഗ്രഹപ്രകടനം നടത്താനുള്ള അവകാശത്തെ ചോദ്യം ചെയ്യേണ്ടതില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് മറ്റു രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടാകാം. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള പരിശ്രമമാണ് നടത്തുന്നത്. അത് സമൂഹം നിരാകരിക്കുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി