കേരളം

നിയമസഭാ സമ്മേളനം മറ്റന്നാള്‍ മുതല്‍; ആഗസ്റ്റ് 18ന് പിരിയും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ബുധനാഴ്ച മുതല്‍ ആരംഭിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം ബലി പെരുന്നാള്‍ ആഘോഷം 21 ാം തീയതിയിലേക്ക് മാറിയ സാഹചര്യത്തിലാണ് വ്യാഴാഴ്ച മുതല്‍ ചേരാന്‍ തീരുമാനിച്ചത്.

2021-22 വര്‍ഷത്തെ ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനകളില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും ഈ സമ്മേളനത്തില്‍ നടക്കുക. ആകെ 20 ദിവസം സമ്മേളിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ നാലു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. ആ ദിനങ്ങളില്‍ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കും.

2021-22 വര്‍ഷത്തേക്കുള്ള ഉപധനാഭ്യര്‍ത്ഥകളുടെ ചര്‍ച്ചയ്ക്കും ബജറ്റിലെ ധനാഭ്യര്‍ത്ഥനകളിന്‍മേലുള്ള ധനവിനിയോഗ ബില്ലിന്റെ പരിഗണനയ്ക്കും വേണ്ടിയും ഓരോ ദിവസങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. 2021-ലെ കേരള ധനകാര്യബില്ലുകളുടെ (രണ്ടെണ്ണം) പരിഗണനയ്ക്കായുള്ള സമയം കൂടി ഈ സമ്മേളന കാലത്ത് കണ്ടെത്തേണ്ടതുണ്ട്. സര്‍ക്കാരിന് അവശ്യം നിര്‍വ്വഹിക്കേണ്ട നിയമനിര്‍മ്മാണം ഏതെങ്കിലും ഉണ്ടെങ്കില്‍ അതിനു വേണ്ടിയും അധിക സമയം ആവശ്യമായി വരും. ഇക്കാര്യങ്ങള്‍ കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സ്പീക്കര്‍ അറിയിച്ചു. എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് ആഗസ്റ്റ് 18ന് പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം മേയ് 24ന് ആരംഭിച്ച് ജൂണ്‍ 10ന് അവസാനിച്ചശേഷം ജൂണ്‍ 24, 25, 26 തീയതികളിലായി പുതിയ നിയമസഭാംഗങ്ങള്‍ക്ക് വിശദമായ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളും പരിശീലന പരിപാടികളുമായി സഹകരിച്ചു. അതോടൊപ്പം ജൂലൈ 13, 14 തീയതികളിലായി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനും അംഗങ്ങളുടെ പി.എമാര്‍ക്കും പരിശീലനം നല്‍കി. ഈ സമ്മേളനകാലത്തുള്ള ഇടവേളയിലെ സൗകര്യപ്രദമായ ദിവസം, നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

മുന്‍ സമ്മേളനങ്ങളില്‍ സ്വീകരിച്ചിരുന്നതുപോലെ സമ്പൂര്‍ണ്ണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇത്തവണയും സമ്മേളന നടപടികള്‍ നടക്കുന്നത്. കോവിഡ് വാക്‌സിനേഷന്റെ രണ്ട് ഡോസുകളും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അംഗങ്ങള്‍ക്ക് അതിനായുള്ള സൗകര്യം ഒരുക്കും. അതുപോലെ ആന്റിജന്‍/ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്കുള്ള സൗകര്യവും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍