കേരളം

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല; ഓഗസ്റ്റ് നാലുവരെയുള്ള മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണം; മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:   പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. 
ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്യുക എന്നുള്ളത് സര്‍ക്കാരിന്റെ നയമല്ല. റാങ്ക് ലിസ്റ്റുകളില്‍ നിന്നും മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പിഎസ്‌സിക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശിപാര്‍ശ നല്‍കുന്നതിനെയും ഇത് ബാധിക്കുന്നില്ല. 2021 ഫെബ്രുവരി  അഞ്ചിനും ഓഗസ്റ്റ് മൂന്നിനുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് നാലുവരെ വരെ ദീര്‍ഘിപ്പിച്ചിച്ചിരുന്നു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4ന് അവസാനിക്കുന്നത്  കണക്കിലെടുത്ത് അതുവരെയുള്ള മുഴവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന വകുപ്പു മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും.

എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ട ചുമതലയില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതി രൂപികരിച്ചിരുന്നു

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളിലായി ഇരുപതിനായിരത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുണ്ടായി. മെയ് 2016 മുതല്‍ മെയ് 2021 വരെ 4,223 റാങ്ക് ലിസ്റ്റുകളാണ് പി.എസ്.സി പ്രസിദ്ധീകരിച്ചത്.  മുന്‍ യു.ഡി.എഫ് ഭരണകാലത്ത് 3,418 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 1,61,361 നിയമനശുപാര്‍ശ നല്‍കിയിട്ടുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 1,54,384 നിയമന ശുപാര്‍ശ നല്‍കിയെങ്കിലും അതിലുള്‍പ്പെട്ട 4,031 പേര്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാരാണ് നിയമനം നല്‍കിയത്.

നിയമനങ്ങള്‍ പരമാവധി പി.എസ്.സി മുഖേന നടത്തണമെന്നതാണ് സര്‍ക്കാരിന്റെ നയം. കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പി.എസ്.സി പരീക്ഷകളും ഇന്റര്‍വ്യൂകളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാന്‍ പി.എസ്.സി നടപടി സ്വീകരിക്കുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു