കേരളം

നിയമസഭ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ; മന്ത്രി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചു. മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് ഇടതു നേതാക്കള്‍ക്കെതിരെയാണ് കോടതി വിധി. പ്രതികള്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അതിര് ഭേദിച്ചു എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 

ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. പരിരക്ഷ ഒരു പദവിയല്ല. പ്രത്യേക പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അവകാശം പൊതു നിയമങ്ങളില്‍ നിന്നും ഒഴിവാകാനുള്ള കവാടമല്ല. സഭയിലെ അക്രമം സഭാനടപടിയുടെ ഭാഗമായി കാണാനാകില്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. 

കേസ് പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. ഭരണഘടനയുടെ 194-ാം അനുച്ഛേദത്തിന്റെ തെറ്റായ വായനയാണ്. പരിരക്ഷ തേടുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും കോടതി അഭിപ്രായപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടറെയും സുപ്രീംകോടതി വിമര്‍ശിച്ചു.പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവര്‍ത്തിക്കേണ്ടത് സ്വതന്ത്രമായാണെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. 

കയ്യാങ്കളിക്കേസ് തീര്‍പ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ച ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ വസ്തുക്കള്‍ തല്ലിത്തകര്‍ക്കുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളതെന്ന് വിചാരണ വേളയില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചിരുന്നു. അക്രമങ്ങളില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്നും സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി ചോദിച്ചിരുന്നു. 

കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് വേദിയാകുന്ന കോടതിമുറിയിലെ വസ്തുക്കള്‍ നശിപ്പിച്ചാല്‍ അതിന് ന്യായീകരണമുണ്ടോ? സഭയില്‍ ഒരു എംഎല്‍എ റിവോള്‍വറുമായി എത്തി വെടിവച്ചാല്‍, നിയമസഭ നടപടി സ്വീകരിച്ചാല്‍ മതിയോ ? . ആ എംഎല്‍എയ്ക്കും പരിരക്ഷ ലഭിക്കുമോ എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. എംഎല്‍എമാര്‍ പൊതുമുതല്‍ നശിപ്പിച്ചത് പൊതു ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണോ എന്ന് ജസ്റ്റിസ് എം ആര്‍ ഷായും ചോദിച്ചിരുന്നു. 

2015 മാർച്ച് 13 ന് കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ്. എംഎല്‍എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി കേസെടുത്തത്.  

ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.  കേസിൽ പ്രതികളായ ഇടതു നേതാക്കളിൽ രണ്ടുപേർ ഈ നിയമസഭയിലും എംഎൽഎമാരാണ്. വി ശിവൻകുട്ടിയും കെ ടി ജലീലും. ഇതിൽ ശിവൻകുട്ടി സംസ്ഥാന വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍