കേരളം

'എനിക്കറിയാം ഡോക്ടര്‍, ഇനിയദ്ദേഹം തിരിച്ചു വരില്ലെന്ന്, നമുക്കത് ചെയ്യാം: ലിന്‍സി പറഞ്ഞു, ആ നിമിഷം ഞാനവരുടെ പാദങ്ങളില്‍ തൊട്ടു'; ഒരു ന്യൂറോസര്‍ജന്റെ അനുഭവം

സമകാലിക മലയാളം ഡെസ്ക്

'എനിക്കറിയാം ഡോക്ടര്‍,അദ്ദേഹത്തിന് ഇനി തിരിച്ചുവരാനാവില്ല. എങ്കിലും എന്റെ മകളുടെ അച്ഛന്റെ ഒരു അവയവമെങ്കിലും മറ്റൊരാളില്‍ കൂടി നിലനിന്നുപോകണമെന്ന് ഞാനാഗ്രഹിക്കുന്നു.' ലിന്‍സിയുടെ ആ നിലപാടിന് മുന്നില്‍, ആ ധൈര്യത്തിന് മുന്നില്‍ ഞാന്‍ നമിച്ചുപോയി. ആ നിമിഷം ഞാനവരുടെ പാദങ്ങളില്‍ തൊട്ടു. പ്രിയപ്പെട്ടവനെ വിട്ടു പിരിയുന്നതിന്റെ വിഷമത്തിലും, അവയവദാനമെന്ന മഹത്തായ സന്ദേശം അവരുയര്‍ത്തിപ്പിടിച്ചതില്‍ അതിയായ അഭിമാനം തോന്നി. അഞ്ചുപേരിലൂടെ ലിന്‍സിയുടെ പ്രിയപ്പെട്ടവന്‍ ഇനി ജീവിക്കും'  മസ്തിഷ്‌ക മരണം സംഭവിച്ച ഭര്‍ത്താവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭാര്യ കാണിച്ച ആര്‍ജവത്തെ കുറിച്ചു തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ ന്യൂറോസര്‍ജറി വിഭാഗം തലവന്‍ ഡോ എച്ച് വി ഈശ്വര്‍ പറഞ്ഞ വാക്കുകളാണിത്.

ബ്രെയിന്‍ ഡെത്ത് പാനല്‍ അംഗമെന്ന നിലയില്‍ നൂറോളം മസ്തിഷ്‌കമരണ സ്ഥിരീകരണത്തില്‍ പങ്കാളിയായ ഡോ എച്ച് വി ഈശ്വറിന് ലിന്‍സിയുടെ നിലപാടിനുമുന്നില്‍ ശിരസു നമിക്കാതിരിക്കാനായില്ല. വെറും 31 വയസുമാത്രം പ്രായമുള്ള തന്റെ ഭര്‍ത്താവിന്റെ വിയോഗം ലിന്‍സിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ജീവിതവഴിയില്‍ ഇനിയും ബഹുദൂരം മുന്നേറാനുണ്ട്. പറക്കമുറ്റാത്ത കുഞ്ഞുമകളെയും കൊണ്ട് ജെറിയുടെ അച്ഛനമ്മമാര്‍ അടക്കമുള്ള ബന്ധുക്കളോടൊപ്പം നില്‍ക്കുമ്പോഴാണ് ഡോ. ഈശ്വര്‍ അവിടേയ്‌ക്കെത്തുന്നത്. അപകടത്തില്‍ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിച്ചതിനാല്‍ ജെറിയ്ക്കിനി ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനാവില്ലെന്ന് ഉറപ്പായിരുന്നു.

'മകനെ രണ്ടുദിവസം കൂടി മെഷീനില്‍ വച്ചേക്കണം. അവന്‍ തിരിച്ചുവരും' എന്നായിരുന്നു ഡോക്ടറെ കണ്ടയുടന്‍ ജെറിയുടെ അമ്മയുടെ പ്രതികരണം. എന്തുപറയണമെന്നറിയാതെ കുഴങ്ങിയ ഡോക്ടര്‍, ജെറിയുടെ നില വളരെ ഗുരുതരമാണ്, രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ എങ്ങനെയെന്നു പറയാനാവില്ലെന്ന മറുപടി നല്‍കി. ഇതുകേട്ടുനിന്ന ലിന്‍സിയുടെ പ്രതികരണം അസമാന്യ ധൈര്യത്തോടെയായിരുന്നു. ' എനിക്കറിയാം ഡോക്ടര്‍. അദ്ദേഹത്തിന് ഇനി തിരിച്ചുവരാനാവില്ല. എങ്കിലും എന്റെ മകളുടെ അച്ഛന്റെ ശരീരത്തിന്റെ ഒരു അവയവമെങ്കിലും മറ്റൊരാളില്‍ കൂടി നിലനിന്നുപോകണമെന്ന് ഞാനാഗ്രഹിക്കുന്നു.'

ബ്രയിന്‍ ഡെത്ത് പാനല്‍ അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചു ഇതുവരെ ഇങ്ങനെയൊരു നിലപാടെടുത്ത ബന്ധുക്കളെ താന്‍ കണ്ടിട്ടില്ലെന്ന് ഡോ. ഈശ്വര്‍ പറയുന്നു.

ജെറി ജീവിക്കും, അഞ്ചുപേരിലൂടെ

ഇക്കഴിഞ്ഞ ജൂലായ് 27ന് രാത്രി ഒന്‍പതരയോടെയാണ് മണ്ണന്തല കരിമാംപ്ലാക്കല്‍വീട്ടില്‍ ജെറി വര്‍ഗീസിന് മണ്ണന്തലയ്ക്കു സമീപമുണ്ടായ സ്‌കൂട്ടറപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. വിശ്വജ്യോതി എഞ്ചിനിയറിങ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ജെറി, ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ മണ്ണന്തലയ്ക്ക് സമീപത്തുവച്ച് സ്‌കൂട്ടര്‍ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്.

തല ഫുട്പാത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ജെറിയെ പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. ഭര്‍ത്താവിന് സംഭവിച്ച അപകടവും മസ്തിഷകമരണവും ഒരു യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കേണ്ടിവന്ന സന്ദര്‍ഭത്തില്‍ ലിന്‍സിക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. പുതുജീവിതം സ്വപ്നം കണ്ട് ആശുപത്രിയില്‍ ചികിത്സതേടുന്ന നിര്‍ധനരായ രോഗികളെയാണ് അവര്‍ക്ക് ആ ഘട്ടത്തില്‍ ഓര്‍മ്മവന്നത്.ഭര്‍ത്താവിന്റെ വിയോഗം സമ്മാനിച്ച ഹൃദയം നുറുക്കുന്ന വേദനയിലും അവര്‍ തന്റെ ആഗ്രഹം ഡോ. എച്ച് വി ഈശ്വറിനെ അറിയിച്ചു.

ജെറിയുടെ അച്ഛനും അമ്മയുമടക്കമുള്ള മറ്റുബന്ധുക്കളും ലിന്‍സിയുടെ തീരുമാനത്തെ അംഗീകരിച്ചു. സമൂഹത്തിനാകെ മാതൃകാപരമായ നിലപാടു സ്വീകരിച്ച ലിന്‍സിക്ക് ആദരവറിയിച്ച ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ് മൃതസഞ്ജീവനി അധികൃതര്‍ക്ക് തുടര്‍പ്രക്രിയകള്‍ സുഗമമാക്കാന്‍ വേണ്ട നിര്‍ദേശവും നല്‍കി. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികള്‍ക്കും ഒരു വൃക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കുമാണ് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്