കേരളം

'അവര്‍ മല്ലന്മാരൊന്നുമല്ല, ഭീരുക്കള്‍' ; കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘം പാര്‍ട്ടിയെ മറയാക്കുന്നുണ്ടെന്നത് ശരിയെന്ന് എഎന്‍ ഷംസീര്‍ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കള്ളക്കടത്തുകാരുടെയും സ്വര്‍ണക്കടത്തുകാരുടെയും പണം കൊണ്ട് പ്രവര്‍ത്തിക്കേണ്ട ഗതികേട് ഇപ്പോള്‍ സിപിഎമ്മിന് ഇല്ലെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ. പാര്‍ട്ടിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണ്. കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘം പാര്‍ട്ടിയെ മറയാക്കുന്നു എന്നുള്ളത് ശരി തന്നെയാണ്. ഇത് അറുത്തുമാറ്റി മുന്നോട്ടു പോകുകയാണ് ലക്ഷ്യം. 

എത്ര ആഴത്തിലാണോ പോയിട്ടുള്ളത് അത്രയും ആഴത്തില്‍ പോയി വേര് അറുത്തുമാറ്റണമെന്ന അഭിപ്രായമാണ് സിപിഎമ്മിനുള്ളത്. വ്യക്തിപരമായി ഇവരൊക്കെ ഭീരുക്കളാണ്. കൊടി സുനിയും മുഹമ്മദ് ഷാഫിയുമൊന്നും മല്ലന്‍മാരല്ല. അവരുടെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്. ഇവരുടെ പേര് പറഞ്ഞാല്‍ പേടിച്ചോടുന്നവര്‍ ഉണ്ടാകാം. അതിന്റെ പേരില്‍ സിപിഎമ്മിന്റെ പിരടിയില്‍ കയറാന്‍ വരേണ്ടെന്നും ഷംസീര്‍ പറഞ്ഞു. 

സിപിഎമ്മിന് ഇത്തരക്കാരുമായി യാതൊരു ബന്ധവുമില്ല. കൊടിസുനിയും ഷാഫിയൊന്നും ഞങ്ങളുടെ പ്രവര്‍ത്തകരല്ല. അവര്‍ കൊലപാതക കേസില്‍ പെട്ട് ജയിലിലാണ്. സ്വര്‍ണക്കടത്തില്‍ അവര്‍ക്ക് പങ്കുണ്ടെങ്കില്‍ കേസെടുക്കട്ടെ. പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ അംഗങ്ങളുണ്ട്. അവര്‍ ലെവിയായി കൊടുക്കുന്ന പണം ഉപയോഗിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടും സ്വരൂപിക്കുന്നുണ്ട്. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കള്ളപ്പണത്തിന്റെ ആവശ്യമില്ല. 

സ്വര്‍ണക്കടത്തിന് കസ്റ്റംസിനും പൊലീസിനും പങ്കുണ്ട്. അതൊക്കെ പുറത്ത് വരണം. സിപിഎം അനുഭാവികള്‍ക്ക് പങ്കുണ്ടെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശനമായി നടപടി സ്വീകരിക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേത്. പാര്‍ട്ടിക്കകത്ത് ആര്‍ക്കെങ്കിലും ഇത്തരം അവിഹിത ബന്ധമുണ്ടെങ്കില്‍ അവരെ അറുത്തുമാറ്റി മുന്നോട്ട് പോകാനുള്ള സംഘടനാ ശേഷി സിപിഎമ്മിനുണ്ട്. കള്ളപ്പണത്തെക്കുറിച്ച് പറയാന്‍ കെ സുരേന്ദ്രന് യാതൊരു ധാര്‍മ്മികതയുമില്ലെന്നും ഷംസീര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''