കേരളം

സിപിഐ പട്ടികയില്‍ പന്ന്യന്‍ രവീന്ദ്രനും?; ചടയമംഗലത്തു സ്ഥാനാര്‍ഥിയായേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചേക്കും. ചടയമംഗലത്തുനിന്നു പന്ന്യനെ മത്സരിപ്പിക്കണമെന്ന ആലോചനയാണ് പാര്‍ട്ടിയില്‍ സജീവമായി നടക്കുന്നത്. അടുത്ത ചൊവ്വാഴ്ചയോടെയാണ് സിപിഐ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ രൂപമാവുക.

മുല്ലക്കര രത്‌നാകരനാണ് ചടയമംഗലത്തെ നിലവിലെ എംഎല്‍എ. മൂന്നു തവണ തുടര്‍ച്ചയായി ജയിച്ച മുല്ലക്കര ഇത്തവണ പാര്‍ട്ടി മാനദണ്ഡപ്രകാരം മാറിനില്‍ക്കേണ്ടിവരും. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുന്ന മുല്ലക്കരയുടെ താത്പര്യപ്രകാരമാണ് പന്ന്യനെ ചടയമംഗലത്തു മത്സരിപ്പിക്കാനുള്ള ആലോചന.

രണ്ടു തവണ മത്സരിച്ചവര്‍ക്കു സീറ്റ് നല്‍കേണ്ടെന്ന തീരുമാനം കര്‍ശനമായി പാലിക്കുന്നതിനാല്‍ സിപിഐയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും ഇക്കുറി സ്ഥാനാര്‍ഥികളാവില്ല. മന്ത്രിമാരായ വിഎസ് സുനില്‍ കുമാര്‍, പി തിലോത്തമന്‍, കെ രാജു എന്നിവര്‍ പാര്‍ട്ടി മാനദണ്ഡപ്രകാരം പുറത്താവും. ഇ ചന്ദ്രശേഖരന്‍ മാത്രമാവും മത്സര രംഗത്തുള്ള സിപിഐ മന്ത്രി. ഇതിനൊപ്പം സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ഇഎസ് ബിജിമോള്‍ എന്നീ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യവും പാര്‍ലമെന്ററി രംഗത്തുണ്ടാവും. ഈ സാഹചര്യത്തില്‍ മുന്‍ സംസംസ്ഥാന സെക്രട്ടറി കൂടിയായ പന്ന്യന്‍ സഭയില്‍ ഉണ്ടാവുന്നതു ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. 

പികെ വാസുദേവന്‍ നായര്‍ അന്തരിച്ചതിനെത്തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ പന്ന്യന്‍ ജയിച്ചിരുന്നു. പിന്നീട് 2011ല്‍ പറവൂര്‍ നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ പന്ന്യനെ രംഗത്തിറക്കിയെങ്കിലും ജയിക്കാനായില്ല. നിലവില്‍ പാര്‍ട്ടി ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനാണ് പന്ന്യന്‍ രവീന്ദ്രന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും