കേരളം

പെട്രോൾ അടിക്കാൻ പണം ചോദിച്ചു; സഹായിക്കാൻ ഒരുങ്ങിയപ്പോൾ കഴുത്തിൽ കത്തി വച്ച് സ്വർണവും പണവും കവർന്നു

സമകാലിക മലയാളം ഡെസ്ക്

ത‌ൃശൂർ: പെട്രോൾ അടിക്കാൻ പണം ചോദിച്ചെത്തിയവർ യുവാവിന്റെ കഴുത്തിൽ കത്തി വച്ച് രണ്ട് പവന്റെ മാല കവർന്നു. പെട്രോൾ അടിക്കാൻ പണം ചോദിച്ചെത്തിയ യുവാക്കൾക്ക് പണം നൽകാൻ കാറിന്റെ ഗ്ലാസ് താഴ്ത്തിയ സമയത്താണ് എറണാകുളം സ്വദേശി ജോജി (30)യുടെ രണ്ട് പവന്റെ മാല കവർന്നത്. ദേശീയപാതയോരത്ത് ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ കാർ നിർത്തിയിട്ട് വിശ്രമിക്കുന്നതിനിടെയാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ ഒന്നിനാണു സംഭവം. 

കോയമ്പത്തൂരിൽ നിന്നു എറണാകുളത്തേക്കു യാത്ര ചെയ്യുന്നതിനിടെ ക്ഷീണം തോന്നി ദേശീയപാതയുടെ അരികിൽ കാർ നിർത്തി ഉറങ്ങുകയായിരുന്നു ജോജി. രണ്ട് യുവാക്കൾ കാറിന്റെ വാതിലിൽ തട്ടുകയും ഗ്ലാസ് താഴ്ത്തിയപ്പോൾ പെട്രോൾ അടിക്കാൻ പണം തരാമോ എന്നു ചോദിക്കുകയുമായിരുന്നു. പേഴ്സിൽ നിന്ന് പണം നൽകിയ ഉടൻ ഒരാൾ കഴുത്തിൽ കത്തി വച്ച് മുഴുവൻ പണവും തരാൻ ആവശ്യപ്പെട്ടു.

ജോജി കത്തി തട്ടി മാറ്റാൻ ശ്രമിച്ചതോടെ  യുവാക്കൾ കൈയേറ്റത്തിനു മുതിർന്നു. ജോജി കത്തി ഒടിച്ചു കളഞ്ഞെങ്കിലും അക്രമികളിലൊരാൾ മറ്റൊരു കത്തിയെടുത്ത് കഴുത്തിൽ കുത്തി. ഒഴിഞ്ഞു മാറിയെങ്കിലും ജോജിക്ക് ചെറിയ പരിക്കു പറ്റി. വാഹനം മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു. ഷർട്ട് അഴിച്ചു കളഞ്ഞതോടെ അക്രമികളിലൊരാൾ നിലത്തു വീണു.

ഈ തക്കത്തിനു വാഹനം ഓടിച്ചു പോകാൻ ശ്രമിച്ചപ്പോൾ‌ രണ്ടാമൻ താക്കോൽ പിടിച്ചുവലിച്ചു. ഇതോടെ കാർ ഓഫായി. തുടർന്നുള്ള പിടിവലിക്കിടെയാണു മാല നഷ്ടപ്പെട്ടത്. അതിനിടെ രണ്ടാമനും നിലത്തു വീണു. മറ്റു വാഹനങ്ങൾ വരുന്നതു കണ്ട ഇരുവരും എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു.

പീച്ചി പൊലീസ് ഇൻസ്പെക്ടർ എസ് ഷുക്കൂർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംശയമുള്ള ആളുകളുടെ ടവർ ലൊക്കേഷൻ നോക്കി വരികയാണെന്നു പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍