കേരളം

സ്വന്തമായി വീടില്ല, സ്വത്തില്ല, വാഹനമില്ല, ബാങ്കിൽ നിക്ഷേപവും ഇല്ല; മേൽവിലാസം ബിജെപി സംസ്ഥാന ഓഫീസ്; കുമ്മനത്തിന്റെ സത്യവാങ്മൂലം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്ഥാനാർത്ഥികൾ നാമനിർ​ദ്ദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ ലക്ഷങ്ങളുടേയും കോടികളുടേയും ആസ്തികളും ബാധ്യതകളും കാണിക്കുമ്പോൾ നിറയെ ഇല്ലായ്മകൾ പറഞ്ഞ് ഒരു സ്ഥാനാർത്ഥി. സ്വന്തമായി വീടില്ല, വാഹനമില്ല, ആർജിത സ്വത്തില്ല, ബാധ്യതകളില്ല, ആർക്കും വായ്പ കൊടുത്തിട്ടില്ല, നിക്ഷേപമില്ല അങ്ങനെ നീളുന്നു കണക്ക്. നേമത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ നാമനിർദ്ദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങളാണിത്. 

സ്വന്തമായി വീടില്ലാത്ത കുമ്മനം ബിജെപി സംസ്ഥാന ഓഫീസിന്റെ മേൽവിലാസമാണ് നൽകിയിരിക്കുന്നത്. മിസോറാം ഗവർണറായിരിക്കെ നൽകിയ മുഴുവൻ ശമ്പളവും സേവന പ്രവർത്തനങ്ങൾക്ക് നൽകിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഏതെങ്കിലും വ്യക്തിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വായ്പ സ്വീകരിച്ചിട്ടില്ല, വായ്പ ആർക്കും കൊടുത്തിട്ടില്ല, ബാദ്ധ്യതകളില്ല, ജീവിത പങ്കാളി ഇല്ല, ഇൻഷൂറൻസ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങൾ ഇല്ല, സ്വർണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുളള വസ്തുക്കളോ ഇല്ല എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

തന്റെ കൈയിൽ ആകെയുള്ളത് ആയിരം രൂപയും കൂടാതെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലുമായി 46,584 രൂപയുമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ജന്മഭൂമി പത്രത്തിൽ അയ്യായിരം രൂപയുടെ ഓഹരിയും കുമ്മനം രാജശേഖരനുണ്ട്. 

1987ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച കുമ്മനം രാജശേഖരൻ കുടുംബ ജീവിതം വേണ്ടെന്ന് വെച്ച് ആർഎസ്എസിന്റെ മുഴുവൻ സമയ പ്രവർത്തകനായ വ്യക്തിയാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവി വഹിക്കെ 2016 ൽ വട്ടിയൂർകാവ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുകയും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. 2019ൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നു ലോക്സഭയിലേക്കും മത്സരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ