കേരളം

അന്ന് ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ല; സോളാര്‍ പീഡന കേസില്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ലിഫ് ഹൗസില്‍ അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിന്റേയും പരാതിക്കാരിയുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2018ലാണ് പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് പരാതിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും എതിരായ സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് അടുത്തിടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

നടപടിക്രമങ്ങളുടെ ഭാഗമായി കേസ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി കെ ജോസ് കേന്ദ്ര സര്‍ക്കാരിന് അയച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഉമ്മന്‍ ചാണ്ടിക്കെതിരായി തെളിവ് ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്ന കാര്യങ്ങള്‍ നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമുള്ള വിവരമാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. 

2012 സെപ്റ്റംബര്‍ 19ന് നാല് മണിക്ക് ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. കൃത്യം നടന്നു എന്നു പറയുന്ന സമയത്ത് ക്ലിഫ് ഹൗസിലുണ്ടായിരുന്ന പോലീസുകാര്‍, ജീവനക്കാര്‍, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്, മറ്റ് ആളുകള്‍ എന്നിവരെ ചോദ്യം ചെയ്തതതിന്റേയും പരാതിക്കാരിയുടേയും ഡ്രൈവറുടേയും മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം പീഡനം നടന്നു എന്ന് പറയുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഇത് സംബന്ധിച്ച ടെലിഫോണ്‍ രേഖകള്‍ സര്‍വീസ് പ്രൊവൈഡര്‍മാരോട് ചോദിച്ചെങ്കിലും ഏഴ് വര്‍ഷമായതിനാല്‍ ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പരാതിക്കാരി പറയുന്ന സംഭവം നടന്നു എന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കേസ് തുടര്‍ അന്വേഷണത്തിനായി സിബിഐയ്ക്ക് ശുപാര്‍ശ ചെയ്യുന്നുവെന്നും ടി കെ ജോസ് കേന്ദ്ര സര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ