കേരളം

അവളില്ലാത്ത ശൂന്യതയില്‍ നിന്ന് ഇടയ്‌ക്കൊക്കെ മനസ്സ് തിരയുന്ന 'ഏട്ടാ' എന്ന വിളി; ലിനിയുടെ ഓര്‍മ്മകളില്‍ സജീഷ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: രോഗികളെ പരിചരിക്കുന്നതിനിടെ നിപ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയെക്കുറിച്ച് ഭര്‍ത്താവ് സജീഷിന്റെ ഓര്‍മക്കുറിപ്പ്. ലിനിയുടെ ഓര്‍മകള്‍ക്ക് മൂന്നു വയസ്സാകുമ്പോള്‍ രണ്ടു മക്കളെയും നെഞ്ചോടടുക്കി നികത്താനാകാത്ത ആ വിടവിനെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ഭര്‍ത്താവ് സജീഷ്.

സജീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും 
മെയ് 21.
കൊഞ്ചിച്ചും ലാളിച്ചും മതിവരാതെ ഞങ്ങളുടെ കുഞ്ഞു മക്കളെ വിട്ട് അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവള്‍...
എത്ര വേഗമാണ് ശൂന്യത നിറഞ്ഞത്...
കരഞ്ഞു തീര്‍ത്ത രാത്രികള്‍..
ഉറക്കമകന്ന ദിവസങ്ങള്‍...
സിദ്ധു മോന്‍ അമ്മയെ തിരഞ്ഞ് നടന്നപ്പോള്‍ നിസ്സഹായതയോടെ നോക്കി നിന്ന നിമിഷങ്ങള്‍....
അമ്മ ഇനി വരില്ല എന്നും അമ്മ ആകാശത്തിലേക്ക് പോയെന്നും പറഞ്ഞ് സിദ്ധുവിനെ ആശ്വസിപ്പിക്കുന്ന കുഞ്ഞുവിന്റെ പക്വതയും....
നിപ്പ എന്ന മഹാമാരിയുടെ ഒറ്റപ്പെടുത്തല്‍...
ഒരു നാട് മുഴുവന്‍ ഒറ്റക്കെട്ടായ് ചെറുത്ത് നിന്നത്. ..
'ലിനിയുടെ മക്കള്‍ കേരളത്തിന്റെ മക്കളാണ്.' എന്ന മുഖ്യമന്ത്രിയുടെ വാക്ക്..
രാഷ്ട്രീയത്തിനും മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളും ഞങ്ങളെ മാറോട് ചേര്‍ത്ത നിമിഷങ്ങള്‍...
ലിനി ബാക്കി വെച്ച് പോയ അനശ്വരമായ ഓര്‍മ്മകളെ  ലോകം മുഴുവന്‍ നെഞ്ചില്‍ ഏറ്റിയത്...
അവളിലൂടെ മഹനീയ മാക്കപ്പെട്ട നഴ്‌സ് എന്ന പദം....
നിപ കണ്ട് പകച്ചു പോയ ആദ്യ നിമിഷവും മറ്റൊരു മഹാമാരി വന്നപ്പോള്‍ പൊരുതി നിക്കാന്‍ നേടിയ ആത്മ വിശ്വാസവും ഇന്ന് അവളുടെ ഓര്‍മകള്‍ക്ക് ശക്തി പകരുന്നു..
ലിനി...
ഇന്ന് നിന്റെ പിന്‍ഗാമികള്‍ ഹൃദയത്തില്‍ തൊട്ട്   പറയുന്നു 'ലിനി നീ ഞങ്ങള്‍ക്ക് ധൈര്യമാണ്, അഭിമാനമാണ്, പ്രചോദനമാണ്'
എനിക്ക് ഉറപ്പാണ് ലിനി..
'മാലാഖമാര്‍' എന്ന പേരിന് അതിജീവനം എന്നര്‍ത്ഥം നല്കിയതില്‍ നിന്റെ പങ്ക് വളരെ വലുതാണ്.
അവരെ ചേര്‍ത്ത് പിടിക്കണം എന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കുന്നതില്‍ നിന്റെ സേവനം വലിയൊരു പാഠമാണ്.
മെയ് മാസ പുലരികള്‍ വല്ലാത്തൊരു നോവാണ്.. 
അന്നൊരു മെയ് മാസത്തില്‍ ആണ് ഞാനും അവളും ജനിച്ചത്...
മെയ്മാസത്തില്‍ തന്നെ യാണ് മാലാഖമാരുടെ ദിനവും....
അന്നൊരു മെയ് മാസത്തില്‍ ആണ് അവളു ഞങ്ങളെ വിട്ടു പോയതും....
അവളില്ലാത്ത ശൂന്യതയില്‍ നിന്ന് ഇടയ്‌ക്കൊക്കെ മനസ്സ് തിരയുന്ന ഏട്ടാ.. 
എന്നൊരു വിളി....
എന്നിരുന്നാലും ലിനി...
നീ ഞങ്ങള്‍ക്ക് അഭിമാനം ആണ്
നിന്റെ ഓര്‍മകള്‍ക്ക് മരണമില്ല...
നിന്റെ പോരാട്ടത്തിന് മറവിയില്ല..
ലിനി... 
നീ കൂടെ ഇല്ല എന്നയാഥാര്‍ത്ഥ്യത്തിന്റെ ഇടയിലും നിന്നെ ഓര്‍ത്ത് അഭിമാനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം......
Miss you Lini.... 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു